Site iconSite icon Janayugom Online

കള്ളപ്പണം വെളുപ്പിക്കല്‍ നിയമം: കർശന ജാമ്യവ്യവസ്ഥകളില്‍ ഇളവ് അനിവാര്യമെന്ന് ഡല്‍ഹി ഹൈക്കോടതി

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ (പിഎംഎല്‍എ) പ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ പ്രതികളാകുന്ന സ്ത്രീകള്‍, രോഗികള്‍, 16 വയസിന് താഴെയുള്ളവര്‍ തുടങ്ങിയവര്‍ക്ക് കർശന ജാമ്യ വ്യവസ്ഥകളില്‍ ഇളവു നല്‍കണമെന്ന് ഡല്‍ഹി ഹൈക്കോടതി. 3269 കോടി ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ കുറ്റാരോപിതയായ ദേവകി നന്ദന്‍ ഗാര്‍ഗ് എന്ന സ്ത്രീയുടെ ജാമ്യോപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് ജസ്മീത് സിങ്ങാണ് ഹര്‍ജി പരിഗണിച്ചത്.
ഒരു പ്രതിക്ക് ജാമ്യം അനുവദിക്കുന്നതിന് ഇരട്ട വ്യവസ്ഥകളാണ് പി‌എം‌എൽ‌എയുടെ 45-ാം വകുപ്പില്‍ നിഷ്കര്‍ഷിച്ചിട്ടുള്ളത്. അവൾ/അവൻ അത്തരം കുറ്റകൃത്യങ്ങളിൽ കുറ്റക്കാരനല്ലെന്ന് വിശ്വസിക്കുന്നതിനുള്ള ന്യായമായ കാരണങ്ങൾ; ജാമ്യത്തിലായിരിക്കുമ്പോൾ ഒരു കുറ്റവും ചെയ്യാൻ സാധ്യതയില്ല എന്നിവയാണിവ. കോടതിയാണ് ഇത് ഉറപ്പാക്കേണ്ടത്.
തന്റെ കക്ഷിയുടെ ആരോഗ്യനില ഗുരുതരമായതിനാല്‍ ജാമ്യ വ്യവസ്ഥകളില്‍ നിന്ന് ഒഴിവാക്കണമെന്ന് ഗാര്‍ഗിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ ലുത്ര വാദിച്ചു. ഗുരുതരമായ കരള്‍ രോഗവും ഹൃദയ സംബന്ധമായ അസുഖങ്ങളും ഉള്ളതിനാല്‍ കസ്റ്റഡിയില്‍ അവര്‍ക്ക് ഫലപ്രദമായ ചികിത്സ ഉറപ്പാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയമത്തിലെ വിവിധ വ്യവസ്ഥകൾക്കെതിരായ 200ലധികം ഹർജികൾ പരിഗണിക്കവേ, മറ്റ് വ്യവസ്ഥകൾക്കൊപ്പം, ‘ഇരട്ട ജാമ്യ’ വ്യവസ്ഥകളും ജൂലൈ 27ന് സുപ്രീം കോടതി ശരിവച്ചിരുന്നു. ഈ വ്യവസ്ഥകൾ പ്രതികൾക്ക് ജാമ്യം ലഭിക്കുന്നതിനുള്ള സാധ്യത ഇല്ലാതാക്കുന്നുവെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ കള്ളപ്പണം വെളുപ്പിക്കൽ ഒരു സാധാരണ കുറ്റമല്ലെന്നാണ് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ ചൂണ്ടിക്കാട്ടിയത്. അതേസമയം കുറ്റാരോപിതര്‍ സ്ത്രീകള്‍, രോഗികള്‍, 16 വയസിന് താഴെയുള്ളവര്‍ ആണെങ്കില്‍ പ്രത്യേക കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ജാമ്യം നല്‍കാന്‍ 45-ാം വകുപ്പ് വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് ഗാര്‍ഗിന്റെ കേസില്‍ ഹൈക്കോടതി പറഞ്ഞു.
ENGLISH SUMMARY: Mon­ey Laun­der­ing Act: Relax­ation of strin­gent bail con­di­tions is nec­es­sary, says Del­hi High Court

YOU MAY ALSO LIKE THIS VIDEO:

Exit mobile version