Site iconSite icon Janayugom Online

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; അനില്‍ അംബാനിയുടെ 3,000 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അനില്‍ അംബാനിയുടെ 3,000 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് (ഇഡി) കണ്ടുകെട്ടി. പൊതുഫണ്ട് വകമാറ്റി കള്ളപ്പണം വെളുപ്പിച്ചു എന്ന ആരോപണവുമായി ബന്ധപ്പെട്ട് പിഎംഎല്‍എ പ്രകാരമാണ് നടപടി. റിലന്‍യന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡ് (ആര്‍എച്ച്എഫ്എല്‍), റിലയന്‍സ് കൊമേഴ്സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ് (ആര്‍സിഎഫ്എല്‍) എന്നിവയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
അനില്‍ അംബാനിയുടെ മുംബൈ പാലി ഹില്ലിലെ വീട്, ഡല്‍ഹി മാഹാരാജ രഞ്ജിത് സിങ് മാര്‍ഗിലെ റിലയന്‍സ് സെന്റര്‍ ഭൂമി, നോയിഡ, ഗാസിയാബാദ്, മുംബൈ, പൂനെ, താനെ ഹൈദരാബാദ്, ചെന്നൈ, കിഴക്കന്‍ ഗോദാവരി എന്നിവിടങ്ങളിലെ ആസ്തികള്‍ ഉള്‍പ്പെടെ 40 സ്വത്തുക്കള്‍ കണ്ടുകെട്ടി. ഇവയുടെ ആകെ മൂല്യം 3,084 കോടി രൂപ വരും.
2017–2019 കാലഘട്ടത്തില്‍ യെസ് ബാങ്കില്‍ ആര്‍എച്ച്എഫ്എല്‍ 2,965 കോടിയും ആര്‍സിഎഫ്എല്‍ 2,045 കോടി രൂപയും നിക്ഷേപിച്ചിരുന്നു. 2019 ഡിസംബറോടെ ഇവ നിഷ്ക്രിയ നിക്ഷേപങ്ങളായി മാറി. തുടര്‍ന്ന് ആര്‍എച്ച്എഫ്എല്ലിന് 1,353 കോടി രൂപയും ആര്‍സിഎഫ്എല്ലിന് 1984 കോടിയുടെയും കുടിശികയായി മാറിയതായി ഇഡി പറയുന്നു. റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ഉൾപ്പെടെ ഒന്നിലധികം ഗ്രൂപ്പ് കമ്പനികൾ 17,000 കോടിയിലധികം രൂപയുടെ സാമ്പത്തിക ക്രമക്കേടുകളും കൂട്ടായ വായ്പ വഴിതിരിച്ചുവിടലും നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് അംബാനിക്കെതിരായ ഇഡി നടപടി. കേസുമായി ബന്ധപ്പെട്ട് അനില്‍ അംബാനിയെ ഓഗസ്റ്റില്‍ ഇഡി ചോദ്യം ചെയ്തിരുന്നു.
ജൂലൈ 24 ന് മുംബൈയിലെ കമ്പനിയുടെ 50 കേന്ദ്രങ്ങളിലും 35 സ്ഥലങ്ങളിലും അംബാനി ഗ്രൂപ്പ് എക്സിക്യൂട്ടിവുകളായ 25 പേരുടെ വസതികളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്നാണ് 3,000 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) രജിസ്റ്റര്‍ ചെയ്ത കേസിന് പിന്നാലെയാണ് ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. 

Exit mobile version