വസ്തു വാങ്ങി നൽകാമെന്ന വ്യാജേന 22 ലക്ഷം രൂപ തട്ടിയെടുത്ത കോടതി ജീവനക്കാരൻ അറസ്റ്റിൽ. ചെങ്ങന്നൂർ മുൻസിഫ് കോടതിയിലെ ഉദ്യോഗസ്ഥൻ കരുവാറ്റ തെക്ക് കൊച്ചുപരിയാരത്ത് രാജീവ് എസ് നായരാണ്(44) അറസ്റ്റിലായത്. ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കുമാരപുരം കാവുങ്കൽ പടീറ്റത്തിൽ ഗോപികയ്ക്ക് വസ്തു വാങ്ങി നൽകാമെന്ന വ്യാജേന 22 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചു എന്നാണ് കേസ്.ഗോപികയുടെ സഹോദരൻ പ്രതിയുടെ വീട്ടിൽ ഡ്രൈവറായിരുന്നു. ആ പരിചയത്തിൽ ഡ്രൈവറുടെ സഹോദരി വീടുവയ്ക്കാൻ സ്‌ഥലം നോക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയ പ്രതി ഇവരെ തെറ്റിദ്ധരിപ്പിച്ച് മാവേലിക്കരയിൽ ബാങ്ക് ജപ്തി ചെയ്ത 56 സെന്റ് കിടപ്പുണ്ട് എന്ന് പറഞ്ഞ് പല തവണയായി പണം വാങ്ങുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു. ഗോപികയെയും ഭർത്താവിനെയും വസ്തു കാണി ക്കുകയും ചെയ്തു. വസ്തുവിന്റെ പേരിലുള്ള ബാധ്യത തീർക്കാനും ഇതിനു സഹായിക്കുന്ന ജീവനക്കാർക്ക് കൊടുക്കണമെന്ന് പറഞ്ഞും ഗൂഗിൾ പേ വഴിയും നേരിട്ടും പണം വാങ്ങി എന്നാണ് പരാതി.രണ്ട് വർഷമായിട്ടും വസ്തു ലഭിക്കാതായതോടെ ഗോപിക പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ വസ്‌തു കൊല്ലം സ്വദേശിയുടേതാണെന്ന് കണ്ടെത്തി. എന്നാൽ അയാൾ വിവരം അറിഞ്ഞിരുന്നില്ല.

