ഒരാളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുക എന്നത് നിയമവിരുദ്ധമാണെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. തന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുമന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ല. ഒരാളെ നിരീക്ഷിക്കുന്നതും പിന്തുടരുന്നതും മൊബൈല്‍ റെക്കോര്‍ഡ് പരിശോധിക്കുന്നതുമെല്ലാം നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ്.
കെ സുരേന്ദ്രന്‍ അതാണ് ഉദ്ദേശിച്ചതെങ്കില്‍ ക്രൈമാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.പാലക്കാട്ടെ ബിജെപിയില്‍ നിരന്തര അവഗണന നേരിടുകയാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. നിരന്തരം അപമാനിക്കപ്പെട്ടു.സി കൃഷ്ണകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകില്ല. ഇതിന്റെ പേരില്‍ ബിജെപിയില്‍ നിന്ന് പുറത്തുപോകില്ല.
ബിജെപി പ്രവര്‍ത്തകനായി തുടരുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.നേരത്തേ സന്ദീപ് വാര്യരുടെ നീക്കങ്ങള്‍ പരിശോധിക്കുകയാണെന്ന് വ്യക്തമാക്കി കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. കാര്യങ്ങള്‍ എവിടെ വരെ പോകുമെന്ന് നോക്കുകയാണെന്നും എന്ത് ചെയ്യണമെന്ന് പാര്‍ട്ടിക്ക് അറിയാമെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ആരും പാര്‍ട്ടിക്ക് അതീതരല്ല. നിലവില്‍ പ്രാധാന്യം നല്‍കുന്നത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കാണ്. സന്ദീപിനെതിരെ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് കാത്തിരുന്ന് കാണാം എന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഇതേപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം.