Site iconSite icon Janayugom Online

കുരുങ്ങുപനി വ്യാപിക്കുന്നു; 14 രാജ്യങ്ങളിലായി 92 കേസുകള്‍

ആഗോളതലത്തില്‍ കുരങ്ങുപനി വ്യാപനം വര്‍ധിക്കുന്നു. 14 രാജ്യങ്ങളിലായി 92 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രയേലും സ്വിറ്റ്‌സർലൻഡുമാണ് കുരങ്ങുപനി കേസുകൾ സ്ഥിരീകരിച്ച ഏറ്റവും പുതിയ രാജ്യങ്ങൾ. രോഗം സ്ഥിരീകരിച്ചവര്‍ക്ക് വിദേശയാത്രാ പശ്ചാത്തലമുണ്ടെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു. രോഗം സ്ഥിരീകരിച്ച രാജ്യങ്ങളില്‍ ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

യുകെ, പോര്‍ച്ചുഗല്‍, സ്‍പെയ്‍ന്‍ എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലാണ് രോഗവ്യാപനം ഏറ്റവും കൂടുതലായുള്ളത്. ലൈംഗികാരോഗ്യ ക്ലിനിക്കുകളിൽ നിന്ന് ധാരാളം കേസുകൾ റിപ്പോര്‍ട്ട് ചെയ്തതായും ലോകാരോഗ്യ സംഘടന അറിയിച്ചു. രോഗലക്ഷണങ്ങളുള്ള 50 പേര്‍ നിരീക്ഷണത്തിലാണ്. രോഗം സ്ഥിരീകരിച്ചവര്‍ക്കോ നിരീക്ഷണത്തിലുള്ളവര്‍ക്കോ കുരങ്ങുപനി സാധരണയായി കണ്ടുവരുന്ന പ്രദേശങ്ങളിലേക്കുള്ള (എന്‍ഡമിക് രാജ്യങ്ങള്‍) യാത്രാ പശ്ചാത്തലമോ മറ്റ് സമ്പര്‍ക്ക ചരിത്രങ്ങളോ ഇല്ലാത്തത് ആശങ്കാജനകമായ സാഹചര്യമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. കുരങ്ങുപനി ലോകത്ത് സ്ഥിരീകരിക്കുന്നത് ഇതാദ്യമല്ല. 1970‑ലാണ് ആദ്യമായി മനുഷ്യനിലേക്ക് കുരങ്ങുപനിയെത്തിയത്. പിന്നീട് വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽ പലപ്പോഴായി കുരങ്ങുപനി സ്ഥിരീകരിച്ചു. 

ബെനിൻ, കാമറൂൺ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഗാബോൺ, ഘാന എന്നിവിടങ്ങളില്‍ മൃഗങ്ങളില്‍ മാത്രമാണ് വെെറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഐവറി കോസ്റ്റ്, ലൈബീരിയ, നൈജീരിയ, റിപ്പബ്ലിക് ഓഫ് കോംഗോ, സിയറ ലിയോൺ, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിലാണ് രോഗം മനുഷ്യരിലുള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാൽ മധ്യ,പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽ മാത്രം കണ്ടിരുന്ന രോഗം മറ്റ് ഭൂഖണ്ഡങ്ങളിലേക്കും വ്യാപിച്ചതാണ് ഇപ്പോഴത്തെ ആശങ്കയ്ക്ക് കാരണം. 

യൂറോപ്പിൽ രോഗം സ്ഥിരീകരിച്ച ഒരാളൊഴികെ ആരും ആഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിച്ചിട്ടുമില്ല. ഇവർക്ക് ആരിൽ നിന്നാണ് രോഗം പക‍ർന്നതെന്ന് കണ്ടെത്താനായിട്ടുമില്ല. ഇതും ആശങ്ക കൂട്ടുന്ന വസ്തുതയാണ്. എന്‍ഡമിക് രോഗമായതിനാല്‍ മറ്റ് രാജ്യങ്ങളില്‍ രോഗം സംബന്ധിച്ച നിരീക്ഷണ സംവിധാനങ്ങളും ശക്തമായിരുന്നില്ല. സാധരണഗതിയില്‍ മനുഷ്യരിലെ വെെറസ് വ്യാപനം മന്ദഗതിയിലാണ്. കോവിഡ് വെെറസിന് സമാനമായ വ്യാപനതോത് കുരങ്ങുപനിക്കുണ്ടാകില്ലെന്നും ആരോഗ്യ വിദഗ്‍ധര്‍ വ്യക്തമാക്കി. 

Eng­lish Summary:monkey pox; 92 cas­es in 14 countries
You may also like this video

Exit mobile version