ദുബായിൽ നിന്ന് നാട്ടിലെത്തി ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നയാൾക്ക് മങ്കി പോക്സ് സ്ഥിരീകരിച്ചു. 34 വയസുള്ള കാസർകോട് സ്വദേശി ജനറൽ ആശുപത്രിയിൽ പ്രത്യേക ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്. പനിയും ദേഹത്ത് കുമിളകളും ഉണ്ടായതിനെതുടർന്ന് ഇയാൾ ദുബായിൽ ചികിത്സ തേടിയിരുന്നു. നാട്ടിലെത്തി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് ജനറൽ ആശുപത്രിയിലെ പരിശോധനയിലാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. ഏതുതരം വൈറസാണെന്നറിയാൻ സാമ്പിൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കയച്ചു. ക്ലാഡ് — 1 വൈറസാണ് അപകടകരം. സാധാരണ കണ്ടുവരുന്നത് ക്ലാഡ് രണ്ടാണെന്നും ഈ വൈറസാവാനാണ് സാധ്യതയെന്നും ജില്ലാ സർവെയ്‍ലൻസ് ഓഫിസർ ഡോ. സന്തോഷ് അറിയിച്ചു. യുവാവിന്റെ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ല. വിദേശത്ത് നിന്ന് വരുന്നവർ പനിയും ശരീരത്തിൽ കുമിളകളും പ്രത്യക്ഷപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ചികിത്സ തേടണമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.
മങ്കി പോക്സ് സ്ഥിരീകരിച്ചു

