Site iconSite icon Janayugom Online

വാനര വസൂരി: കനത്ത ജാഗ്രതയില്‍ ഡല്‍ഹി

രാജ്യത്ത് വാനര വസൂരി ആശങ്ക ഉയരുന്നതിനിടെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ഉള്‍പ്പെടെ കര്‍ശന പരിശോധന നടത്താന്‍ തീരുമാനം.

ഡല്‍ഹി വിമാനത്താവളത്തിലെത്തുന്ന വിദേശയാത്രക്കാരില്‍ രോഗലക്ഷണം കണ്ടാല്‍ ഉടന്‍ ലോക് നായക് ജയ് പ്രകാശ് ആശുപത്രിയിലേക്ക് മാറ്റും. കടുത്ത പനി, നടുവേദന, സന്ധി വേദന തുടങ്ങിയ ലക്ഷണങ്ങളുള്ള യാത്രക്കാരെ ആശുപത്രിയില്‍ പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷന്‍ വാര്‍ഡിലെത്തിക്കാനാണ് തീരുമാനം.

രോഗം സംശയിക്കുന്നവരുടെ സാമ്പിളുകള്‍ പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയയ്ക്കും.
രോഗികളെ നിരീക്ഷിക്കാന്‍ 20 അംഗ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ വിദേശയാത്രാ പശ്ചാത്തലമില്ലാത്തയാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കര്‍ശന മുന്‍കരുതല്‍ നടപടികള്‍. നേരത്തെ ഡല്‍ഹി സര്‍ക്കാര്‍ എല്‍എന്‍ജെപി ആശുപത്രിയെ വാനര വസൂരി നോഡല്‍ സെന്റര്‍ ആക്കി പ്രഖ്യാപിച്ചിരുന്നു.

അതേസമയം ഉത്തര്‍പ്രദേശിലെ ഔറയ്യ ജില്ലയില്‍ വാനരവസൂരി സംശയിക്കന്ന രോഗിയുടെ സാമ്പിള്‍ ലഖ്‌നൗവിലെ കിങ് ജോര്‍ജ് ആശുപത്രിയില്‍ കൂടുതല്‍ പരിശോധനയ്ക്കായി എത്തിച്ചു.

ബിധുന താലൂക്കില്‍ താമസിക്കുന്ന സ്ത്രീക്കാണ് വാനര വസൂരി സംശയിക്കുന്നത്. ഒരാഴ്ചയായി പനിയും വാനര വസൂരിയുടെ മറ്റു ലക്ഷണങ്ങളും രോഗിയില്‍ കണ്ടെത്തിയിട്ടുണ്ട്. രോഗം സംശയിക്കുന്ന സ്ത്രീ ഈയടുത്തായി യാത്ര ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കഴിഞ്ഞദിവസം തെലങ്കാനയില്‍ ഒരാള്‍ക്ക് വാനര വസൂരി ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു.

Eng­lish summary;Monkey pox: Del­hi on high alert

You may also like this video;

Exit mobile version