സംസ്ഥാനത്ത് വാനര വസൂരി (മങ്കിപോക്‌സ്) പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് ഊര്‍ജ്ജിതമാക്കി. ചിക്കന്‍പോക്‌സിന്റെ സമാന ലക്ഷണങ്ങളുള്ളവരെ നിരീക്ഷിച്ച് അവര്‍ക്ക് വാനര വസൂരി അല്ലെന്ന് ഉറപ്പ് വരുത്തും. സമൂഹത്തില്‍ മറ്റാര്‍ക്കെങ്കിലും രോഗമുണ്ടോയെന്ന് കണ്ടെത്താന്‍ സമാന ലക്ഷണമുള്ള സാമ്പിളുകള്‍ റാന്‍ഡമായി പരിശോധിക്കും. വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കും. ഇതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എയര്‍പോര്‍ട്ട് അധികൃതരുമായി ചര്‍ച്ച നടത്തും.
എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അവരെ ഐസൊലേറ്റ് ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കും. രോഗികളെയും രോഗം സംശയിക്കുന്നവരെയും സുരക്ഷിതമായി ആശുപത്രിയിലെത്തിക്കാന്‍ കനിവ് 108 ആംബുലന്‍സും സജ്ജമാണെന്ന് ആരോഗ്യ മന്ത്രി വീണാജോര്‍ജ് പറഞ്ഞു. വാനര വസൂരി സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. മറ്റാര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. ഇന്നലെ രാവിലെ തിരുവനന്തപുരത്തെത്തിയ സംഘം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.
English Summary:Monkey pox: Intensification of prevention efforts
You may also like this video