വാനര വസൂരി സ്ഥിരീകരിക്കുന്നതിനുള്ള പരിശോധന സംസ്ഥാനത്ത് ആരംഭിച്ചു. ആലപ്പുഴ എന്‍ഐവിയിലാണ് ആദ്യമായി പരിശോധന ആരംഭിച്ചത്. വാനര വസൂരി സ്ഥിരീകരിച്ചതോടെ അടിയന്തരമായി പൂനെ എന്‍ഐവി യില്‍ നിന്നും ടെസ്റ്റ് കിറ്റുകള്‍ എത്തിക്കുകയായിരുന്നു. ജില്ലകളില്‍ നിന്നുള്ള സാമ്പിളുകള്‍ ആലപ്പുഴ എന്‍ഐവിയിലേക്ക് അയച്ച് തുടങ്ങി. സംസ്ഥാനത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്ത വൈറല്‍ രോഗമായതിനാല്‍ അതീവ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരിശോധന നടത്തുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. സംസ്ഥാനത്ത് വാനര വസൂരി സ്ഥിരീകരിച്ച് നാല് ദിവസത്തിനകം ഇവിടത്തന്നെ പരിശോധിക്കാനുള്ള സംവിധാനം ഒരുക്കാനായത് വലിയ നേട്ടമാണ്.
ഇതിലൂടെ പൂനെയിലേക്ക് സാമ്പിളുകള്‍ അയയ്ക്കുന്നത് മൂലമുള്ള കാലതാമസം ഒഴിവാക്കാനാകും. സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ 28 ലാബുകളില്‍ ആര്‍ടിപിസിആര്‍ പരിശോധനാ സൗകര്യമുണ്ട്. കേസുകള്‍ വര്‍ധിച്ചാല്‍ മറ്റ് ലാബുകളില്‍ കൂടി വാനര വസൂരി സ്ഥിരീകരിക്കുന്നതിനുള്ള സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. ആര്‍ടിപിസിആര്‍ പരിശോധനയിലൂടെയാണ് വാനര വസൂരി സ്ഥിരീകരിക്കുന്നത്. രോഗിയുടെ മൂക്ക്, തൊണ്ട എന്നിവയില്‍ നിന്നുള്ള സ്രവം, ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്ന കുമിളകളില്‍ നിന്നുള്ള സ്രവം, മൂത്രം, രക്തം തുടങ്ങിയ സാമ്പിളുകള്‍ കോള്‍ഡ് ചെയിന്‍ സംവിധാനത്തോടെയാണ് ലാബില്‍ അയയ്ക്കുന്നത്.
ആര്‍ടിപിസിആര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് വൈറസിന്റെ ജനിതക വസ്തുവായ ഡിഎന്‍എ കണ്ടെത്തിയാണ് രോഗം സ്ഥിരീകരിക്കുന്നത്. വാനര വസൂരിക്ക് രണ്ട് പിസിആര്‍ പരിശോധനകളാണ് നടത്തുന്നത്. ആദ്യം പോക്‌സ് ഗ്രൂപ്പില്‍പ്പെട്ട വൈറസ് കണ്ടുപിടിക്കാനുള്ള ആര്‍ടിപിസിആര്‍ പരിശോധനയാണ് നടത്തുന്നത്. അതിലൂടെ പോക്‌സ് ഗ്രൂപ്പില്‍പ്പെട്ട വൈറസുണ്ടെങ്കില്‍ അതറിയാന്‍ സാധിക്കും. ആദ്യ പരിശോധനയില്‍ പോസിറ്റീവായാല്‍ തുടര്‍ന്ന് വാനര വസൂരി സ്ഥിരീകരിക്കുന്ന പരിശോധന നടത്തും. ഇതിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്.
English Summary:Monkey pox: Testing has started in the state
You may also like this video