പേരില്‍ വംശീയ വിമര്‍ശനങ്ങള്‍ ഉണ്ടെന്ന ആരോപങ്ങളെ തുടര്‍ന്ന് മങ്കിപോക്സിന്റെ പേരില്‍ മാറ്റം വരുത്തി ലോകാരോഗ്യ സംഘടന. മങ്കി പോക്സ് ഇനിമുതല്‍ എം പോക്സ് എന്ന് അറിയപ്പെടും. 1958ൽ ഡെൻമാർക്കിൽ ഗവേഷണത്തിനായി സൂക്ഷിച്ചിരിക്കുന്ന കുരങ്ങുകളിലാണ് വൈറസ് ആദ്യം തിരിച്ചറിഞ്ഞത് എന്നതിനാലാണ് മങ്കിപോക്സിന് ഈ പേര് ലഭിച്ചത്. എന്നാല്‍ മനുഷ്യര്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവികളിലും മങ്കി പോക്സ് സ്ഥിരീകരിച്ചിരുന്നു. മങ്കിപോക്സ് എന്ന പേരിന് പിന്നിലെ വംശീയത ചൂണ്ടിക്കാട്ടി പല ഭാഗങ്ങളിൽ നിന്ന് എതിർപ്പുയർന്നിരുന്നു. ഇതോടെയാണ് രോഗത്തിന്റെ പേരുമാറ്റുന്നതിനെക്കുറിച്ച് ലോകാരോഗ്യ സംഘടന ചർച്ചകൾ ആരംഭിച്ചത്. കഴിഞ്ഞ ദിവസമാണ് പുതിയ പേര് ലോകാരോഗ്യ സംഘടന പരിചയപ്പെടുത്തിയത്.
മങ്കിപോക്സ് എന്ന പേര് കറുത്ത വർഗക്കാരെ അധിക്ഷേപിക്കാൻ ഉപയോഗിക്കുന്നു എന്നതാണ് ഒരു കാരണം. മറ്റൊന്ന് കുരങ്ങുകൾ മാത്രമാണ് ഈ രോഗത്തിന് കാരണക്കാർ എന്ന തെറ്റിദ്ധാരണ ഉണ്ടാകും എന്നതായിരുന്നു. കുരങ്ങുകളെ തെരഞ്ഞു പിടിച്ച് ആക്രമിക്കുന്ന സാഹചര്യം പലയിടത്തും ഉണ്ടായിരുന്നു. വ്യാപനം വർധിച്ചതോടെ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. 2015 മുതൽ തന്നെ അസുഖത്തിന്റെ പേര് പരിഷ്കരിക്കണമെന്ന് നിർദേശം വന്നിരുന്നുവെങ്കിലും പേരുമാറ്റം വൈകി. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ 45 രാജ്യങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളോട് അസുഖത്തിന് പുതിയ പേര് നിർദേശിക്കാൻ ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. അങ്ങനെയാണ് എംപോക്സിലേക്ക് എത്തിയത്.
നിലവിലുള്ള പേര് പ്രസിദ്ധീകരണങ്ങളിൽ നിന്നും ഡിജിറ്റൽ രേഖകളിൽ നിന്നും നീക്കം ചെയ്യാൻ പരമാവധി ഒരു വർഷം വേണ്ടി വന്നേക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടൽ. അതുവരെ രണ്ട് പേരും ഉപയോഗിക്കാം.
നിലവില്‍ ഈ വർഷം 110 രാജ്യങ്ങളിൽ നിന്നായി 81,107 എംപോക്സ് കേസ് സ്ഥിരീകരിച്ചിരുന്നു. 55 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 97 ശതമാനവും പുരുഷന്മാരാണ്. 34 വയസ്സ് പ്രായമുള്ള പുരുഷന്മാരിലാണ് രോഗം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട 85 ശതമാനം പുരുഷന്മാരും ഇതില്‍ ഉള്‍പ്പെടുന്നു.
ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ബാധിച്ച 10 രാജ്യങ്ങൾ: യുണൈറ്റഡ് സ്റ്റേറ്റ്സ് (29,001), ബ്രസീൽ (9,905), സ്പെയിൻ (7,405), ഫ്രാൻസ് (4,107), കൊളംബിയ (3,803), ബ്രിട്ടൻ (3,720), ജർമ്മനി (3,672), പെറു (3,444), മെക്സിക്കോ (3,292), കാനഡ (1,449). ആഗോള കേസുകളുടെ 86 ശതമാനവും ഇവരാണ്. കഴിഞ്ഞയാഴ്ച 588 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ നാലാഴ്ചയ്ക്കിടെ, 92 ശതമാനം കേസുകളും അമേരിക്കയിൽ നിന്നും ആറ് ശതമാനം യൂറോപ്പിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എഴുപത്തിയൊന്ന് രാജ്യങ്ങളിൽ കഴിഞ്ഞ 21 ദിവസത്തിനിടെ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
English Summary: Monkeypox is now Mpox
You may also like this video