പ്രായപൂര്‍ത്തിയാവാത്തവരോട് പ്രിയംകാണിച്ചിരുന്ന തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിനെതിരെ വീണ്ടും പോക്സോ കേസ്. പെരുമ്പാവൂര്‍ കോടതിയില്‍ ഇതിന്റെ വിചാരണ തുടരുകയാണ്. മോന്‍സന്‍ രണ്ടാം പ്രതിയായ കേസില്‍ കെ ജെ ജോഷി എന്നയാളാണ് ഒന്നം പ്രതി. ഇവരെയെല്ലാം സാക്ഷികള്‍ തിരിച്ചറിഞ്ഞു. കേസിലെ സാക്ഷികളായ മോന്‍സന്റെ സ്ഥാപനത്തിലെ ജീവനക്കാരിയെയും പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ സഹോദരനെയും കഴിഞ്ഞ ദിവസം വിചാരണചെയ്തിരുന്നു. പ്രതികളെ ഇരുവരും തിരിച്ചറിഞ്ഞു.
മോൻസന്റെ വീട്ടിൽ എട്ടുവർഷം ജോലി ചെയ്‌ത സ്ത്രീയുടെ മകളെ ജോഷി പീഡിപ്പിച്ചെന്നാണ് കേസ്. പീഡനവിവരം മോൻസനോട് പറഞ്ഞിട്ടും പ്രതികരിച്ചില്ലെന്നും മറച്ചുവയ്ക്കുകയും ഒത്താശ ചെയ്യുകയും ചെയ്തതിനാണ് മോൻസനെ കേസിൽ രണ്ടാം പ്രതിയാക്കിയത്. മോൻസന്റെ പേഴ്‌സണൽ മേക്കപ്പ്മാനാണ് ജോഷി. പീഡനത്തിനിരയായ പെണ്‍കുട്ടിയെ ഒരാഴ്ചമുമ്പ് കോടതി വിസ്തരിച്ചിരുന്നു.
അതിനിടെ മോന്‍സന്‍ മാവുങ്കലിനെതിരെ കൂടുതൽ ഗുരുതര ആരോപണങ്ങൾ പുറത്തുവന്നിട്ടുണ്ട്. മനുഷ്യകടത്ത്, സ്വർണക്കടത്ത് മുതലായ പരിപാടികളിൽ മോന്‍സന് പങ്കുണ്ടെന്നാണ് ഇയാൾക്കെതിരെ പരാതി നൽകിയ ഷാജി ചെറിയാൻ ആരോപിക്കുന്നത്. ഇയാളുടെ വീട് കേന്ദ്രീകരിച്ച് പെൺവാണിഭവും നടന്നിരുന്നു എന്നാണ് പറയുന്നത്. പെൺകുട്ടികളെ ഉപയോഗിച്ച് മസാജിങ് നടത്തുന്നതായി പരാതിക്കാരൻ പറയുന്നുണ്ട്. പതിനഞ്ചും പതിനാറും വയസ്സുള്ള പെൺകുട്ടികളെ ഉപയോഗിച്ചാണ് അയാൾ മസാജിങ് നടത്തുന്നത്. ഇയാളുടെ കൊച്ചിയിലെ വീട്ടിൽ ഒരിക്കൽ സന്ദർശനം നടത്തിയപ്പോൾ മുകൾനിലയിൽ പെൺകുട്ടികളെ കണ്ടിട്ടുണ്ട് എന്നാണ് പരാതിക്കാരൻ പറയുന്നത്. 15 വയസ്സുള്ള പെൺകുട്ടികളെ ഉപയോഗിച്ചുകൊണ്ടാണ് ഇയാൾ മസാജിങ് നടത്തുന്നത് എന്ന് ഡ്രൈവർ അജിത്ത് ഉൾപ്പെടെയുള്ളവർ മൊഴിനൽകിയിട്ടുണ്ട്. ഇയാളുടെ വീട്ടിൽ രാത്രി വാഹനങ്ങൾ വന്നു പോകുന്നതായി നാട്ടുകാർ പറഞ്ഞിട്ടുണ്ട്. പഠിപ്പിക്കാനാണ് എന്ന വ്യാജേന നിരവധി പാവപ്പെട്ട പെൺകുട്ടികളെ ഇയാൾ ചെന്നൈയിലും പാർപ്പിച്ചിരുന്നു.
അതേസമയം, കെ സുധാകരന്‍ മോന്‍സന്റെ വീട്ടില്‍ 12 തവണ എത്തിയതായി ക്രൈംബ്രാഞ്ചിന്റെ പക്കല്‍ തെളിവുകള്‍. മോൻസണ്‍ മാവുങ്കലിന്റെ വീട്ടിൽ 2018 നവംബറിൽ മാത്രമാണ് സന്ദർശിച്ചതെന്നായിരുന്നു കെ സുധാകരന്‍ പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനിടെ തെളിവുകൾ ക്രൈംബ്രാഞ്ച് കാണിച്ചതോടെ സുധാകരന്‍ സന്ദര്‍ശിച്ചതിന്റെ സത്യാവസ്ഥ വ്യക്തമാക്കി. പരസ്പപരവിരുദ്ധമായ മൊഴികളും ഡിജിറ്റല്‍ തെളിവുകളും സാക്ഷിമൊഴികളും അടിസ്ഥാനപ്പെടുത്തിയാണ് കെ സുധാകരനെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്. ജാമ്യം നല്‍കി വിട്ടയച്ചെങ്കിലും സുധാകരനെ വീണ്ടും ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. സുധാകരന്റെ പല മറുപടിയിലും വൈരുധ്യം കണ്ടെത്തിയതിനാലാണ് വീണ്ടും ചോദ്യംചെയ്യുന്നത്.
മോൻസന്റെ വീട്ടിലെത്തിയ മിക്ക ദിവസങ്ങളിലും ജീവനക്കാർക്കൊപ്പം സുധാകരൻ ഫോട്ടോ എടുത്തിരുന്നു. ഫോട്ടോയുടെ ഫയൽ ഇൻഫോയിൽ നിന്നുള്ള തീയതികൾ ക്രൈംബ്രാഞ്ച് നിരത്തി. ഇതോടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ സുധാകരൻ ശ്രമിച്ചു. ആ ദിവസങ്ങളിൽ സുധാകരൻ എറണാകുളത്ത് വന്നതിന്റെയും മറ്റ് പൊതുപരിപാടികളിൽ പങ്കെടുത്തതിന്റെയും ഫോട്ടോ അടക്കമുള്ള തെളിവുകളും നിരത്തി. ഡിജിറ്റൽ തെളിവുകൾ ഒന്നിനുപിറകെ ഒന്നായി ഹാജരാക്കിയതോടെ കൂടുതൽതവണ മോൻസണിന്റെ വീട്ടിൽ എത്തിയിരുന്നതായി ഒടുവിൽ സുധാകരൻ സമ്മതിച്ചു.
അതിനിടെ കേസിനെ നേരിടുന്ന പശ്ചാത്തലത്തില്‍ കെപിസിസി പ്രസിഡന്റ് പദവിയില്‍ നിന്നും രാജിവയ്ക്കാന്‍ കെ സുധാകരന്‍ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ ഇതിനെ വി ഡി സതീശന്‍ ശക്തമായി എതിര്‍ത്തു. സുധാകരന്‍ രാജിവച്ചാല്‍ അതൊരു കീഴ് വഴക്കമാകും. തനിക്കെതിരെ വിജിലന്‍സ് കേസ് എടുക്കുന്നതോടെ പ്രതിപക്ഷ നേതാവ് പദവി രാജിവയ്‌ക്കാന്‍ സതീശനും മുതിരേണ്ടിവരും. ഇക്കാരണത്താലാണ് സുധാകരനെ പദവിയില്‍ നിലനിര്‍ത്താനും കേസ് രാഷ്ട്രീയപ്രേരിതമാണെന്നും വാദിക്കാനും സതീശന്‍ തയ്യാറാവുന്നത്.
English Sammury: Perumbavoor court continues trial in Monson’s second POCSO case