Site iconSite icon Janayugom Online

കാലവര്‍ഷം: ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ രാജന്‍

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദവും വടക്കന്‍ കേരളത്തിന്റെ തീരങ്ങളിലും ന്യൂനമര്‍ദ പാത്തിയും രൂപപ്പെട്ടതിനാല്‍ കനത്ത മഴ തുടരുകയാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. കാലവര്‍ഷക്കെടുതി, നാഷണല്‍ ഹൈവേ ഗതാഗത കുരുക്ക് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റിയോഗത്തില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മന്ത്രി. തൃശൂരില്‍ നിന്ന് വടക്കോട്ടും, ഇടുക്കിയിലും തീവ്രമായ മഴ ഇടവിട്ട് പെയ്യുമെന്നാണ് വിവരം. കൂടാതെ മണിക്കൂറില്‍ 40–45 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റും ഉണ്ടാകുമെന്നാണ് പ്രവചനം.
ജില്ലയില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്. സോയില്‍ പൈപ്പിങ് പോലുള്ള അപകടസാധ്യത കണക്കിലെടുത്ത് മലയോരപ്രദേശങ്ങളില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ജില്ലയില്‍ നിലവില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശാസ്ത്രീയ രീതിയില്‍ മണ്ണെടുപ്പ് നടത്താത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കണം. 

അതത് വകുപ്പുകള്‍ ഓടകള്‍, കാനകള്‍ എന്നിവ വൃത്തിയാക്കുന്നതിന് നടപടി സ്വീകരിക്കണം. റോഡിലെ ഗര്‍ത്തങ്ങള്‍ അടിയന്തരമായി മൂടണം. അപകടകരമായ മരങ്ങള്‍ മുറിക്കാന്‍ പി.ഡബ്ല്യൂ.ഡി, പഞ്ചായത്ത്, ദേശീയപാത തുടങ്ങിയ വകുപ്പുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. പഞ്ചായത്ത് തലത്തില്‍ ആര്‍.ആര്‍.ടി സംഘത്തെ തയ്യാറാക്കണം. ഉദ്യോഗസ്ഥര്‍ അപകടസ്ഥലങ്ങള്‍ കൃത്യമായി സന്ദര്‍ശിച്ച് പരിശോധന നടത്തി നാശനഷ്ടങ്ങള്‍ കണക്കാക്കണം. മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാത അധികൃതരെ സമ്മന്‍സ് നല്‍കി ഹാജരാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ഗതാഗത കുരുക്കിന് ഇടയാക്കുന്ന പ്രവൃത്തി ഉടന്‍ നിര്‍ത്തിവെയ്ക്കാനും ആവശ്യപ്പെട്ടു.
രാത്രിക്കാലത്ത് ഉണ്ടാകുന്ന ശക്തമായ മഴയില്‍ വൈദ്യുതി ലൈന്‍ പൊട്ടുന്നത് സംബന്ധിച്ചുള്ള അപകടങ്ങള്‍ പൊതുജനങ്ങളെ അറിയിക്കാന്‍ സംവിധാനമുണ്ടാക്കാന്‍ കെ.എസ്.ഇ.ബിക്ക് നിര്‍ദേശം നല്‍കി. വൈദ്യുതി സംബന്ധിച്ച അപകടങ്ങള്‍ അറിയിക്കാന്‍ 9496009601 (തൃശൂര്‍ സര്‍ക്കിള്‍ കണ്‍ട്രോള്‍ റൂം), 9496009439 (ഇരിങ്ങാലക്കുട സര്‍ക്കിള്‍ കണ്‍ട്രോള്‍ റൂം), 9496010101, 9496001912 നമ്പറുകളില്‍ അറിയിക്കാം. 

റവന്യൂ ഉദ്യോഗസ്ഥര്‍ നിലവിലുള്ള അധികാരപരിധിയില്‍ തുടരണമെന്ന് മന്ത്രി നിര്‍ദേശിച്ചു. കൂടുതല്‍ ക്യാമ്പുകള്‍ ഒരുക്കുന്നതിന് നടപടി സ്വീകരിക്കണം. എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കണം. ജില്ലയില്‍ അഞ്ച് താലൂക്കുകളിലായി നിലവില്‍ 15 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. 100 കുടുംബങ്ങളാണുള്ളത്. ഇതില്‍ 118 പുരുഷന്മാരും 131 സ്ത്രീകളും 60 കുട്ടികളും ഉള്‍പ്പെടുന്നു. ചാലക്കുടി- ഒന്ന്, കൊടുങ്ങലൂര്‍— മൂന്ന്, കുന്നംക്കുളം- ഒന്ന്, മുകുന്ദപുരം- ഏഴ്, തൃശൂര്‍-മൂന്ന് എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിലായി പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളുടെ എണ്ണം. ആരോഗ്യവകുപ്പ് പരിശോധനകള്‍ നടത്തി ആവശ്യത്തിനുള്ള മരുന്നുകള്‍ ലഭ്യമാണ്. സാമൂഹിക മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മഴക്കെടുതിയുടെ സാഹചര്യത്തില്‍ തെറ്റായ വാര്‍ത്തകള്‍ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യരുതെന്നും മന്ത്രി പറഞ്ഞു.
കലക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്, ജില്ലാ കലക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍, സബ് കലക്ടര്‍ മുഹമ്മദ് ഷെഫീക്ക്, അസി. കലക്ടര്‍ അതുല്‍ സാഗര്‍, സിറ്റി പൊലീസ് കമ്മീഷണല്‍ ആര്‍. ഇളങ്കോ, റൂറല്‍ എസ്.പി നവനീത് ശര്‍മ, എ.ഡി.എം ടി.മുരളി, ഡെപ്യൂട്ടി കലക്ടര്‍ (ദുരന്തനിവാരണം) പി.എം കുര്യന്‍, ഇരിങ്ങാലക്കുട ആർ ഡി ഒ എം.കെ.ഷാജി വിവിധ ജില്ലാതല മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Eng­lish Sum­ma­ry: Mon­soon: Min­is­ter K Rajan urges peo­ple to be cautious

You may also like this video

YouTube video player
Exit mobile version