Site icon Janayugom Online

സംസ്ഥാനത്ത് കാലവര്‍ഷം ശക്തം; റവന്യൂ മന്ത്രിയുടെ ഓഫിസില്‍ കണ്‍ട്രോള്‍ റൂം തുറന്നു

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് മന്ത്രി കെ രാജൻ. നാളെ വൈകിട്ട് വരെ തെക്കൻ, മധ്യ കേരളത്തിൽ അതിതീവ്ര മഴ പെയ്തേക്കും. വെള്ളിയാഴ്ച്ചക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യത കുറവാണ്. തീരദേശമേഖലയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മലയോര മേഖലയിലെ രാത്രികാല യാത്ര ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.

കാലവർഷം ശക്തിപ്രാപിച്ചതോടെ റവന്യൂ വകുപ്പ് മന്ത്രിയുടെ ഓഫീസിൽ കൺട്രോൾ സെൽ പ്രവർത്തനം ആരംഭിച്ചൂ. വിളിക്കേണ്ട നമ്പര്‍:8078548538.

സംസ്ഥാനത്ത് മഴ ശക്തമായി പെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രത്യേക കൺട്രോൾ റൂം തുറന്നു . ഏഴു വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഈ എമർജൻസി ഓപ്പറേഷൻ സെന്ററിൽ ഏകോപിച്ച് പ്രവർത്തിക്കും .

ഇറിഗേഷൻ , കെഎസ്ഇബി, മോട്ടോർ വെഹിക്കിൾ, ഫയർ ആൻഡ് റെസ്ക്യൂ ,
പൊലീസ്, ഐഎംപിആർഡി, ഫിഷറീസ് വകുപ്പുകൾക്ക് പുറമെ സിവിൽ ഡിഫൻസ് സേനയും എമർജൻസി സെന്ററിന്റെ ഭാഗമാകും.

നിലവിലുള്ള എൻഡിആർഎഫിനെ കൂടാതെ എറണാകുളം, കോട്ടയം, കൊല്ലം, മലപ്പുറം ജില്ലകളിലേക്ക് പ്രത്യേക ടീമുകളെ നിയോഗിക്കും. ചെന്നൈയിലെ ആർക്കോണത്തുള്ള എൻഡിആർഎഫ് മേഖല ആസ്ഥാനത്ത് നിന്നായിരിക്കും ടീമുകളെ അയക്കുക . ജില്ലാ തല എമർജൻസി കേന്ദ്രങ്ങളും ജാഗ്രത പുലർത്തുന്നുണ്ട് .

സംസ്ഥാനത്ത് ഇന്നുമുതൽ തീവ്രമഴയ്ക്കുള്ള സാധ്യതയെന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. ഇത് പ്രകാരം ഇന്ന് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലാകും ഇന്ന് മഴ കനക്കുക.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അല‍ർട്ടാണ്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. വയനാടും കാസർകോടും മാത്രമാണ് ഇന്ന് അലർട്ടില്ലാത്തത്.

അതേസമയം ശക്തമായ മഴ തുടരുന്നതിനാൽ കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് സ്പിൽവെ ഷട്ടറുകൾ രാവിലെ 11ന് ഉയർത്തും. ഷട്ടറുകൾ 20 സെന്റിമീറ്റർ വീതം ഉയർത്തുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. പുഴയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

ഡാമിലെ ഇന്നത്തെ ജലനിരപ്പ് 93.70 മീറ്ററാണ്. പരമാവധി സംഭരണശേഷി 97.50 മീറ്ററാണ്. സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ അതിതീവ്രമഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

Eng­lish summary;Monsoon strong in the state; A con­trol room was opened in the rev­enue min­is­ter’s office

You may also like this video;

Exit mobile version