Site iconSite icon Janayugom Online

മൂലമറ്റം പവര്‍ ഹൗസ് പൂര്‍ണമായും ഷട്ട്ഡൗണ്‍ ചെയ്തു

ഇടുക്കി പദ്ധതിയുടെ മൂലമറ്റം ഭൂഗര്‍ഭ വൈദ്യുതി നിലയം പൂര്‍ണമായി ഷട്ട്ഡൗണ്‍ ചെയ്തു. ഇന്ന് പുലര്‍ച്ചെ ആറിന് കുളമാവ് അണക്കെട്ടില്‍ നിന്നുള്ള ഇന്‍ടേക്ക് ഗേറ്റ് അടച്ചു. തുടര്‍ന്ന് പവര്‍ ടണല്‍ ഡ്രെയിന്‍ ചെയ്തു. വൈദ്യുതി നിലയം പൂര്‍ണമായും അടയ്ക്കുമ്പോള്‍ മൂന്ന് ജില്ലകളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള കുടിവെള്ള ക്ഷാമം സംബന്ധിച്ച് കൃഷി മന്ത്രി പി പ്രസാദ് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ശ്രദ്ധയിപ്പെടുത്തിയതിനെത്തുടര്‍ന്ന് പൂര്‍ണ ഷട്ട്ഡൗണ്‍ ഒരു ദിവസത്തേക്ക് നീട്ടിയിരുന്നു. 

വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിലും എത്തി. എന്നാല്‍ അറ്റകുറ്റപ്പണി നീട്ടിക്കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണെന്ന് വൈദ്യുതി ബോര്‍ഡ് മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയതിനെത്തുടര്‍ന്നാണ് പൂര്‍ണ ഷട്ട് ഡൗണിന് അനുമതി നല്‍കിയത്.
ഒരു മാസത്തേക്കാണ് സമയം നല്‍കിയിരിക്കുന്നതെങ്കിലും യുദ്ധകാലാടിസ്ഥാനത്തില്‍ പണികള്‍ തീര്‍ത്ത് ജനറേറ്റര്‍ സര്‍വീസിലിടാനാണ് നിര്‍ദേശം. രണ്ടാം ഘട്ടത്തിലെ രണ്ട് ജനറേറ്ററുകളുടെ അപ്പ്‌സ്ട്രീം സീലുകളുടെ അറ്റകുറ്റപ്പണികളാണ് നടത്തുന്നത്. ബട്ടര്‍ഫ്ലൈ വാല്‍വിന് തകരാറായതിനാലാണ് ഇന്‍ടേക്ക് ഷട്ടര്‍ താഴ്‌ത്തേണ്ടി വരുന്നത്.

Exit mobile version