Site iconSite icon Janayugom Online

കനകക്കുന്നിലുദിച്ച ചന്ദ്രൻ

കനകക്കുന്നിലുദിച്ച ചന്ദ്രനെ കാണാനെത്തിയത് ആയിരങ്ങള്‍.  ജനുവരിയില്‍ നടക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ ആമുഖമായി സംഘടിപ്പിച്ച ‘മ്യൂസിയം ഓഫ് ദ മൂണ്‍’  എന്ന  മഹാവിസ്മയം  കാണാനാണ് നിരവധി പേര്‍ കനകക്കുന്നിലേക്ക് ഇന്നലെ വൈകുന്നേരത്തോടെ എത്തിയത്. ബ്രിട്ടീഷുകാരനായ ലൂക്ക് ജെറം സജ്ജമാക്കിയ ഭീമാകാരമായ ചാന്ദ്രമാതൃകയുടെ പ്രദര്‍ശനം ജിഎസ്‌എഫ്‌കെ സംഘാടകസമിതി ചെയര്‍മാനും ധനകാര്യമന്ത്രിയുമായ കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. ആധുനിക ഗവേഷണത്തിനൊപ്പം കണ്ടുപിടിത്തങ്ങളെ ഉല്പന്നമാക്കാൻ കഴിയുന്ന കാര്യങ്ങൾക്കാണ് സയന്‍സ് പാര്‍ക്കുകളിലൂടെ കേരളം ലക്ഷ്യംവയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇൻസ്റ്റലേഷൻ ആർട്ടിസ്റ്റ് ലൂക് ജെറം, മേയർ ആര്യാ രാജേന്ദ്രൻ, വി കെ പ്രശാന്ത് എംഎൽഎ, മുഖ്യമന്ത്രിയുടെ ശാസ്‌ത്രോപദേഷ്ടാവ് ഡോ. എം സി ദത്തൻ, ജില്ലാ കളക്ടർ ജെറോമിക് ജോർജ് തുടങ്ങിയവർ പങ്കെടുത്തു. തത്സമയ സംഗീതാവതരണവും ചാന്ദ്രമിത്തുകളെപ്പറ്റിയുള്ള ചര്‍ച്ചകളും കാവ്യാലാപനങ്ങളുമായി ദി റീഡിങ് റൂം, സ്കെച് വാക്കുമായി ഡിസൈനര്‍ കമ്മ്യൂണിറ്റി, രാത്രികാല ഫോട്ടോഗ്രാഫിയുമായി ദി ഡൈയിങ് ആര്‍ട് കളക്ടീവ് എന്നിവരും രാവിനെ സജീവമാക്കി.

കാണികള്‍ക്കായി സെല്‍ഫി മത്സരവും ഒരുക്കിയിരുന്നു. ഓരോ സെന്റി മീറ്ററിലും അഞ്ചു കിലോമീറ്റർ ചന്ദ്രോപരിതലമെന്ന അനുപാതമാണ് ഇതില്‍ സ്വീകരിച്ചിട്ടുള്ളത്. ഭൂമിയിൽനിന്ന് കാണാനാകാത്ത ചന്ദ്രോപരിതലത്തിന്റെ മറുപുറം ഉള്‍പ്പെടെ തനിരൂപത്തിൽ ഗോളമായിത്തന്നെ തൊട്ടടുത്തു കാണാനുള്ള അവസരമാണ് മ്യൂസിയം ഓഫ് ദ മൂൺ ഒരുക്കിയത്. ബാഫ്റ്റ് പുരസ്കാരം നേടിയ സംഗീതജ്ഞൻ ഡാൻ ജോൺസ് ചിട്ടപ്പെടുത്തിയ സംഗീതം പ്രദർശനത്തിന് പശ്ചാത്തലമൊരുക്കി.

Eng­lish Sum­ma­ry: moon exhibition
You may also like this video

Exit mobile version