Site iconSite icon Janayugom Online

ചന്ദ്ര ദൗത്യം: മസ്‍കും നാസയും തുറന്നപോരിലേക്ക്

ചന്ദ്ര ദൗത്യത്തില്‍ സഹായിക്കുന്നതിനായി മറ്റ് കമ്പനികളെ കൂടി പങ്കെടുപ്പിക്കാന്‍ നാസ ടെണ്ടര്‍ ക്ഷണിച്ചതോടെ സ്പേസ് എക‍്സ് സിഇഒ ഇലോണ്‍ മസ‍്കും നാസയും തമ്മിലുള്ള വാഗ്വാദം തുറന്ന പോരിലേക്ക്. ഏജന്‍സി ആക‍്ടിങ് അഡ്മിനിസ്ട്രേറ്റര്‍ ഷോണ്‍ ഡഫിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് മസ്ക് ഉന്നയിച്ചിരിക്കുന്നത്. നാസയെ തകര്‍ക്കാനുള്ള ശ്രമമാണിതെന്നും യുഎസ് ഗതാഗത സെക്രട്ടറി കൂടിയായ ഷോണിനെതിരെ മസ്ക് എക്സിലിട്ട പോസ്റ്റില്‍ പറയുന്നു. 

സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ് റോക്കറ്റ് ഉണ്ടാക്കുന്നതിലെ കാലാതാമസം ചൂണ്ടിക്കാട്ടിയാണ് ചന്ദ്ര ദൗത്യത്തിനുള്ള സഹായത്തിന് നാസ പുതിയ കമ്പനികളെ കൂടി ഉള്‍പ്പെടുത്തി ടെണ്ടര്‍ തേടുകയാണെന്ന് ഷോണ്‍ പ്രഖ്യാപിച്ചത്. ചൈനയുമായുള്ള ബഹിരാകാശ മത്സരത്തില്‍ യുഎസിന് തിരിച്ചടിയാകാതിരിക്കാനാണ് പുതിയ നീക്കമെന്ന് വിലയിരുത്തുന്നു. 

സ്പേസ് എക്സ് മികച്ച കമ്പനിയാണെങ്കിലും അവര്‍ ഏറെ പിന്നിലാണെന്ന് ഷോണ്‍ ഫോക്സ് ന്യൂസിനോട് പറഞ്ഞു. അവര്‍ നല്‍കിയ സമയപരിധികളെല്ലാം നീണ്ടുപോയി. യുഎസ് ചൈനയുമായി മത്സരിക്കുമ്പോള്‍ ഇത് അംഗീകരിക്കാനാകില്ലെന്നും പറഞ്ഞു. ആദ്യം ദൗത്യം പൂര്‍ത്തികരിക്കാന്‍ മികച്ച കമ്പനികളുടെ സേവനം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി. ഇതാണ് മസ്കിനെ ചൊടിപ്പിച്ചത്. 

2030ല്‍ മനുഷ്യരെ ചന്ദ്രനിലെത്തിക്കുക എന്ന ദൗത്യവുമായാണ് ചൈന മുന്നോട്ട് പോകുന്നത്. ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിനല്‍ അടക്കമുള്ള മറ്റ് കമ്പനികളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ടെന്ന് ഷോണ്‍ എക്സില്‍ കുറിച്ചു. 

ബഹിരാകാശ വ്യവസായത്തില്‍ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തിയാല്‍ സ്പേസ് എക്സ് മിന്നല്‍ വേഗത്തില്‍ പോവുകയാണെന്ന് മസ്ക് അവകാശപ്പെട്ടു. സ്റ്റാര്‍ഷിപ്പ് ചന്ദ്ര ദൗത്യം മുഴുവനായി ചെയ്യുമെന്നും പറഞ്ഞു. നാസയുടെ സ്ഥിരം മേധാവി ആരാകുമെന്ന പിരിമുറുക്കം ശക്തമാകുന്നതിനിടെയാണ് ഷോണും മസ‍്ക്കും തമ്മില്‍ പൊരിഞ്ഞ പോര് നടക്കുന്നത്.
ഇലോണ്‍ മസ്കിന്റെ പങ്കാളിയായ വ്യവസായി ജാരെഡ് ഐസക്മാനെയാണ് ട്രംപ് ആദ്യം ഈ കസേരയില്‍ എത്തിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ട്രംപും ഇലോണ്‍ മസ‍്കും തെറ്റിയതോടെ വൈറ്റ്ഹൗസ് ഈ നീക്കത്തിന് തടയിട്ടു. ഷോണ്‍ നാസയുടെ തലപ്പത്ത് തുടരാനാണ് ആഗ്രഹിക്കുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ജാരെഡ് ഐസക്മാനെ ട്രംപ് വീണ്ടും പരിഗണിച്ചേക്കുമെന്നും സൂചനയുണ്ട്. 

മനുഷ്യരെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെത്തിച്ച് തിരികെ കൊണ്ടുവരുന്ന പദ്ധതിയാണ് യുഎസിന്റെ ആര്‍ട്ടെമിസ് പ്രോഗ്രാം. നിരവധി തവണ ഈ ദൗത്യം മാറ്റിവച്ചിരുന്നു. നിലവില്‍ 2027 പകുതിയോടെ ആര്‍ട്ടെമിസ് ‑3 ആസൂത്രണം ചെയ്തിരിക്കുകയാണ് നാസ. 

Exit mobile version