Site icon Janayugom Online

സദാചാരഗുണ്ടാ ആക്രമണം

കാസര്‍കോട് നഗരത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ സദാചാരഗുണ്ടാ അക്രമണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ അഞ്ച് ബിഎംഎസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാനഗറിലെ പ്രശാന്ത്(26), അണങ്കൂര്‍ ജെ പി നഗറിലെ പ്രദീപ്(37), ശശിധരന്‍(37), നെല്ലിക്കാമൂലയിലെ വിനോദ്കുമാര്‍(40), ദേവീനഗര്‍ പള്ളിത്തറ ഹൗസിലെ നാഗേഷ്(33) എന്നിവരെയാണ് കാസര്‍കോട് സി ഐ പി അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കാസര്‍കോട് നഗരത്തിന് പുറത്തെ ഒരു പഞ്ചായത്ത് പരിധിയിലുള്ള സ്‌കൂളിലെ 19 കാരനായ പ്ലസ് ടു വിദ്യാര്‍ഥിയും 17 കാരിയായ സഹപാഠി വിദ്യാര്‍ഥിനിയും നഗരത്തില്‍ എത്തിയതായിരുന്നു. ബ്ലോക്ക് ഓഫീസിന് സമീപത്തെ സിനിമാ തിയേറ്ററിലേക്ക് ഇരുവരും കയറിയെങ്കിലും സിനിമയ്ക്ക് ടിക്കറ്റില്ലെന്ന് അറിയിച്ചതോടെ ഇവിടെ നിന്ന് മടങ്ങി കെ പി ആര്‍ റാവു റോഡിന് സമീപത്ത് എത്തിയപ്പോഴാണ് സദാചാരഗുണ്ടാസംഘം എത്തി വിദ്യാര്‍ഥികളെ തടഞ്ഞ് കൈയ്യേറ്റം ചെയ്തത്. ഇതിനിടയില്‍ പൊലീസില്‍ വിവരമറിയുകയും ഇരുവരെയും സ്‌റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്‌തെങ്കിലും വിദ്യാര്‍ഥി പരാതിയില്ലെന്നറിയിച്ചു. രണ്ട് കുട്ടികളുടെയും കുടുംബങ്ങള്‍ നല്ല സൗഹൃദം പുലര്‍ത്തിയിരുന്നു. ഇവരുടെ രക്ഷിതാക്കൾ ഒരുമിച്ച് സ്കൂളിൽ പഠിച്ചവരാണെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ ജില്ലയില്‍ വര്‍ദ്ധിച്ചുവരുന്ന സദാചരഗുണ്ടാ അക്രമം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സംഭവത്തിന്റെ ഗൗരവും കണക്കിലെടുത്ത് പൊലീസ് സെഷൻ 153 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അറസ്റ്റിലായവര്‍ ഉള്‍പ്പെടെ പത്തോളം പേര്‍ക്കെതിരെയാണ് കേസ്. കാസര്‍കോട് സദാചാര ഗുണ്ടാ ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് സ്വമേധയ കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ദിവസം തളങ്കരയില്‍ സഹപാഠികള്‍ക്കൊപ്പം ബസ് കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിയെ ഒരു സംഘം മര്‍ദിച്ചിരുന്നു. സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെയാണ് കേസെടുത്തത്. ഒരു പ്രതി അറസ്റ്റിലായിട്ടുണ്ട്.

Exit mobile version