Site icon Janayugom Online

ജനസംഖ്യാനുപാതികമായി കൂടുതൽ കോവിഡ്‌ പരിശോധന കേരളത്തിൽ

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ ജനസംഖ്യാനുപാതികമായി കൂടുതൽ കോവിഡ്‌ പരിശോധന  കേരളത്തിൽ. സംസ്ഥാനത്ത്‌ ജനസംഖ്യയുടെ 80 ശതമാനം പേരും പരിശോധനയ്‌ക്ക്‌ വിധേയരായെങ്കിൽ കർണാടകത്തിൽ 60 ശതമാനവും തമിഴ്‌നാട്ടിൽ 55 ശതമാനവുമാണ്‌. ജനസംഖ്യ കുറഞ്ഞവയുൾപ്പെടെ മറ്റെല്ലാ സംസ്ഥാനങ്ങളും 50 ശതമാനത്തിൽ താഴെയാണ്‌. പരിശോധന കൂടുന്തോറും രോഗം സ്ഥിരീകരിക്കുന്നത്‌ വർധിക്കും. ഇതനുസരിച്ച്‌ രോഗം പടരാതിരിക്കാനുള്ള നടപടിയും ജാഗ്രതയും കൂടും. സംസ്ഥാനത്ത്‌ അധികവും രോഗം പിടിപെടാത്തവരാണെന്ന്‌ വ്യക്തമാക്കുന്ന സിറോ സർവേ തെളിയിക്കുന്നതും കേരളത്തിന്റെ തന്ത്രം ഫലപ്രദമാണെന്നാണ്‌.

എന്നാൽ, മറ്റു പല സംസ്ഥാനങ്ങളിലും ബഹുഭൂരിപക്ഷത്തിനും രോഗം വന്നുപോയെന്നാണ്‌ പഠനങ്ങൾ. മുമ്പ്‌ ഐസിഎംആർ വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ പരിശോധനയിൽ രോഗം വന്നുപോയത്‌ അറിയാത്തവർ ഒട്ടേറെയുണ്ടെന്ന്‌ വ്യക്തമായിരുന്നു.പടരുന്നത്‌ തടയുക, പിടിപെട്ടാൽ ഗുരുതരമാകാതിരിക്കാൻ കരുതലെടുക്കുക, മരണം കുറയ്‌ക്കുക എന്നതാണ്‌ കേരളത്തിന്റെ തന്ത്രം. ഡബ്ല്യുഎച്ച്‌ഒ മുഖ്യശാസ്‌ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥനടക്കം ഒട്ടേറെ വിദഗ്ധർ ഇതിന്റെ വിജയം  എടുത്തുപറഞ്ഞു. രോഗമുക്തരുടെ എണ്ണത്തിലും ആദ്യംമുതലേ സംസ്ഥാനം രാജ്യശരാശരിയേക്കാൾ മുന്നിലാണ്‌. കിടത്തിച്ചികിത്സ ആവശ്യമുള്ളവരുടെ എണ്ണവും നിശ്ചിത പരിധിക്കപ്പുറം കടന്നിട്ടില്ല. ആഗസ്തിലെ കണക്കിലും പോസിറ്റീവാകുന്നവരുടെ എണ്ണത്തിനടുത്തോ അതിൽ കൂടുതലോ ആണ്‌ രോഗമുക്തർ. മഹാമാരി സംബന്ധിച്ച എല്ലാ വിവരങ്ങളും കേരള സർക്കാരിന്റെ വെബ്‌സൈറ്റിൽ ലഭ്യവുമാണ്‌.

കേരളം ഇനി പേടിക്കേണ്ടത്‌ ഓണത്തിന്‌ ശേഷമുണ്ടാകാൻ പോകുന്ന കോവിഡ്‌ വർധനവിനെയെന്ന്‌ ആരോഗ്യവിദഗ്ധർ. മൂന്നാം തരംഗം സംസ്ഥാനത്തെ ഉടൻ ബാധിക്കില്ല. ഒക്‌ടോബറോടെ രാജ്യത്ത്‌ മൂന്നാം തരംഗമെന്നാണ്‌ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡിസാസ്റ്റർ മാനേജ്‌മെന്റ്‌ വിദഗ്ധ സമിതിയുടെ റിപ്പോർട്ട്‌. എന്നാൽ ഇതിൽ ആശങ്ക വേണ്ടെന്നാണ്‌ വിലയിരുത്തൽ. സംസ്ഥാനത്ത്‌ ഓണാവധിയിൽ പരിശോധന കുറഞ്ഞിട്ടുണ്ട്‌. ഇത്‌ രോഗസ്ഥിരീകരണ നിരക്ക്‌ വർധിക്കാൻ കാരണമായി. ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ പരിശോധന നടക്കും. നിലവിൽ 17 ശതമാനംവരെയാണ്‌ ടിപിആർ.ഒന്ന്‌, രണ്ട്‌ തരംഗങ്ങളെപ്പോലെ അതിവേഗമെത്തി ഉയർന്ന രോഗനിരക്ക്‌ സൃഷ്‌ടിക്കപ്പെടുന്ന രീതി മൂന്നാം തരംഗത്തിൽ ഉണ്ടാകില്ല. പ്രതിദിനം 30,000 വരെ രോഗികളാകാം. രണ്ടുലക്ഷത്തോളംവരെ ഒരേസമയം ചികിത്സയിലുണ്ടാകാമെന്നാണ്‌ കണക്കുകൂട്ടൽ.

ഓണാഘോഷങ്ങൾക്ക്‌ ശേഷം രോഗം കൂടുതൽ റിപ്പോർട്ട്‌ ചെയ്യാൻ സാധ്യത ദക്ഷിണ കേരളത്തിലാണ്. പെരുന്നാളിന്‌ ശേഷം ഉത്തരകേരളത്തിലുണ്ടായ സാഹചര്യം ഇവിടെ ആവർത്തിച്ചേക്കും. കുറച്ച്‌ ദിവസങ്ങളായി പത്തനംതിട്ടയിലും ഇടുക്കിയിലും രോഗം കൂടുതലാണ്‌. ഇത്‌ കൊല്ലത്തും തിരുവനന്തപുരത്തും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന്‌ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പൊതുജനാരോഗ്യവിഭാഗം അസോസിയറ്റ്‌ പ്രൊഫ. ടി എസ്‌ അനീഷ്‌ അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത്‌ ഇപ്പോഴും വ്യാപിക്കുന്നത്‌  വൈറസിന്റെ ഡെൽറ്റ വകഭേദം തന്നെയെന്ന്‌ ജനിതക ശ്രേണീകരണം വ്യക്തമാക്കുന്നു. വ്യാപനം കുറയാത്ത സാഹചര്യത്തിലാണ്‌ സംസ്ഥാനം ജനിതക ശ്രേണീകരണം നടത്തിയത്‌. വൈറസിന്‌ മറ്റ്‌ വ്യതിയാനം ഉണ്ടായോ എന്ന്‌ കണ്ടെത്തി രോഗവ്യാപനം തടയാനാണിത്‌. നിലവിൽ മറ്റ് വകഭേദങ്ങൾ കണ്ടെത്തിയിട്ടില്ല.കോവിഡ്‌ മൂന്നാംതരംഗം ഒക്‌ടോബറിൽ രാജ്യത്തുണ്ടാകുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡിസാസ്റ്റർ മാനേജുമെന്റ്‌ നിയോഗിച്ച വിദഗ്‌ധസമിതി കേന്ദ്ര സർക്കാരിന്‌ മുന്നറിയിപ്പ് നൽകി. 2020 മാർച്ചിൽ ഇന്ത്യയിൽ പടർന്നുപിടിച്ച കോവിഡ്‌ മൂർധന്യത്തിൽ എത്താൻ ആറുമാസമെടുത്തു. 

രണ്ടാം തരംഗമെത്തിയത്‌ കഴിഞ്ഞ ഏപ്രിലോടെയാണ്‌. ദേശീയ സാഹചര്യത്തിൽനിന്നും തികച്ചും വ്യത്യസ്‌തമാണ്‌ കേരളത്തിലെ കാര്യങ്ങൾ. ഒടുവിലത്തെ സിറോ സർവലെൻസ്‌ സർവേ പ്രകാരം കേരളത്തിൽ നിലവിൽ 56 ശതമാനംപേർ രോഗസാധ്യത ഉള്ളവരാണ്‌. രോഗത്തിന്റെ അതിവ്യാപനം തടയുന്നതിൽ കഴിഞ്ഞ ഒന്നരവർഷം പുലർത്തിയ ജാഗ്രതയുടെ ഗുണഫലമാണ്‌ ഇത്‌. ഗുരുതരാവസ്ഥയിൽ എത്തുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം കുറയാൻ കാരണം രോഗബാധ മൊത്തത്തിൽ നിയന്ത്രിച്ചുനിർത്താൻ സാധിച്ചുവെന്നതുതന്നെയാണ്‌. ദേശീയതലത്തിൽ 1.34 ശതമാനംപേർ മരിച്ചപ്പോൾ കേരളത്തിൽ ഇത്‌ അര ശതമാനത്തിൽ താഴെയാണ്‌.

മരണത്തെ പരമാവധി ഇല്ലാതാക്കുക, രോഗതീവ്രത കഴിയുന്നത്ര കുറയ്‌ക്കുക, രോഗനിർമാർജനം സാമൂഹ്യദൗത്യമായി ഏറ്റെടുക്കുക ഇതാണ്‌ കേരളത്തിന്റെ വഴി. കൂടുതൽ കരുതൽ കാണിക്കേണ്ട കാലമാണ് മുന്നിലുള്ളത്.പൊതുവായ അടച്ചിടൽ ഒഴിവാക്കിയേ കേരളത്തിന്‌ ഇനി മുന്നോട്ട്‌ പോകാനാകൂവെന്നതാണ്‌ യാഥാർഥ്യം. എന്നാൽ, രോഗം പടർന്നുപിടിക്കാനുള്ള സാഹചര്യം വളരെ ശക്തമായി ഇവിടെ നിലനിൽക്കുകയാണ്‌. ഒരുസമയത്ത്‌ രോഗം വരുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുക, ഒപ്പം കൂടുതൽ ആളുകൾക്ക്‌ വാക്‌സിൻ നൽകുക ഇതാണ്‌ കേരളം ആവിഷ്‌കരിച്ച തന്ത്രം. അങ്ങനെ മുന്നോട്ടുപോകുമ്പോൾ ഇനിയുമേറെ നാൾ നമുക്ക്‌ രോഗത്തോടൊപ്പം സഞ്ചരിക്കേണ്ടി വരും. ചുറ്റിലുമുള്ള വൈറസിനെ അകത്തേക്ക്‌ പ്രവേശിപ്പിക്കാതിരിക്കാനുള്ള വ്യക്തിപരമായ ഉത്തരവാദിത്തമാണ്‌ ഓരോരുത്തരും പുലർത്തേണ്ടത്‌. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന ജാഗ്രത ഏറെ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്.

ENGLISH SUMMARY:More Covid test in Ker­ala in pro­por­tion to population
You may also like this video

Exit mobile version