കായിക മേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും കേരളത്തിന്റെ കായിക അടിസ്ഥാന സൗകര്യ വികസനത്തിൽ കുതിച്ചുച്ചാട്ടം സാധ്യമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് കായിക യുവജന കാര്യ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. കുറ്റിക്കോൽ ഗവ. ഹൈസ്കൂളിൽ കളിസ്ഥലത്തിന്റെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഫണ്ടിന്റെ മൂന്ന് ശതമാനം തുക വരെ കായിക പ്രവർത്തനങ്ങൾക്ക് വേണ്ടി ചെലവഴിക്കുന്നുണ്ട്. ഫുട്ബോൾ ലീഗും ക്രിക്കറ്റ് ലീഗും കേരളത്തിന് പ്രതീക്ഷ നൽകുന്നു. കോളേജുകളിൽ ലീഗ് അടിസ്ഥാനത്തിൽ മത്സരങ്ങൾ നടക്കുന്നുണ്ട്. കായിക മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകുന്നു. കോഴിക്കോട് സർവകലശാലയിലെ കോളേജുകളിൽ കായിക ഇനങ്ങളുമായി ബന്ധപ്പെട്ട ന്യൂതന കോഴ്സുകൾ ആരംഭിക്കുന്നുണ്ട്.
സ്പോർട്സ് എൻജിനീയറിങ്, എംബിഎ, സ്പോർട്സ് സയൻസ് തുടങ്ങിയ വിഷയങ്ങളിൽ കോഴ്സുകൾ കോഴിക്കോട് സർവകലാശാലയിലെ ക്യാമ്പസുകളിൽ ആരംഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സിഎച്ച് കുഞ്ഞമ്പു എംഎൽ എ അധ്യക്ഷത വഹിച്ചു. സ്പോർട്്സ് കേരള ഫൗണ്ടേഷൻ എക്സിക്യുട്ടീവ് എഞ്ചിനീയർ എപിഎം മുഹമ്മദ് അഷറഫ് റിപ്പോർട്ട് അവതരിപ്പിച്ചു. കായിക യുവജന കാര്യ വകുപ്പ് ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടർ ടി അനീഷ് മുഖ്യാതിഥിയായി. ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. എസ് എൻ സരിത, കുറ്റിക്കോൽ വൈസ് പ്രസിഡന്റ് ശോഭനകുമാരി, കാറഡുക്ക ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പി സവിത, തുടങ്ങിയ ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷി നേതാക്കളും സ്കൂൾ ഭാരവാഹികളും സംബന്ധിച്ചു. കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം സ്വാഗതവും ഹെഡ്മാസ്റ്റർ പി എസ് സന്തോഷ് കുമാർ നന്ദിയും പറഞ്ഞു. സിഎച്ച് കുഞ്ഞമ്പു എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപയും സ്പോർട്സ് കൗൺസിൽ അനുവദിച്ച 50 ലക്ഷം രൂപയും ചേർത്ത് ഒരു കോടി രൂപ ചിലവിലാണ് കളിക്കളം നിർമ്മിക്കുന്നത്.