നവ കേരള സദസില്‍ പങ്കെടുക്കരുതെന്ന നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച സേവാദള്‍ കാസര്‍കോട് ജില്ലാ ചെയര്‍മാനെ സ്ഥാനത്തു നിന്ന് നീക്കി. ജില്ലാ ചെയര്‍മാന്‍ കെ ഉദ്ദേശ്കുമാറിനെയാണ് സംസ്ഥാന ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കിയത്.
തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ കാലിക്കടവില്‍ നടന്ന നവകേരള സദസിലാണ് ഉദ്ദേശ് പങ്കെടുത്തത്. അവാര്‍ഡ് ജേതാവായ കലാകാരനെന്ന നിലയിലാണ് താന്‍ വന്നതെന്നും എം രാജഗോപാലന്‍ എംഎല്‍എ നേരിട്ട് ക്ഷണിച്ച സാഹചര്യത്തിലാണ് പങ്കെടുത്തതെന്നും ഉദ്ദേശ് കുമാര്‍ പറഞ്ഞു. ക്ഷണിക്കപ്പെട്ട സദസിലായിരുന്നു ഉദ്ദേശ്കുമാര്‍ ഇരുന്നത്.
യുഡിഎഫ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തെങ്കിലും നവകേരള സദസില്‍ വിവിധ കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ്- ലീഗ് നേതാക്കള്‍ പങ്കെടുത്തു. കൂടുതല്‍ നേതാക്കളിലേക്ക് നടപടി നീളുമെന്നാണ് സൂചന. തൃക്കരിപ്പൂരിലെ പരിപാടിയില്‍ പിലിക്കോട് ഗ്രാമപഞ്ചായത്ത് യുഡിഎഫ് അംഗം നവീന്‍ കുമാര്‍ പങ്കെടുത്തത് അന്വേഷിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. കൗണ്ടര്‍ ഒരുക്കിയും പരാതികളെത്തിച്ചും നവീന്‍ കുമാര്‍ സദസില്‍ സജീവമായിരുന്നു. ജനപ്രതിനിധിയെന്ന നിലയില്‍ വാര്‍ഡിലെ വിഷയങ്ങള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെ ശ്രദ്ധയില്‍പെടുത്തേണ്ടതുണ്ട്. ഇതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് നവീന്‍ കുമാര്‍ പറഞ്ഞു.
കാഞ്ഞങ്ങാട് മണ്ഡലം പരിപാടിയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനും മുന്‍ ഐഎന്‍എല്‍ നേതാവുമായ ഇ കെ കെ പടന്നക്കാട് പങ്കെടുത്തു. ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റായ ഇദ്ദേഹം മുസ്ലിം ലീഗ് നോമിനിയായാണ് ബാങ്ക് ഭരണസമിതിയിലെത്തിയത്. അതേസമയം ഇ കെ കെ പടന്നക്കാട് രണ്ടുവര്‍ഷമായി മുസ്ലിംലീഗിന്റെ പരിപാടികളില്‍ പങ്കെടുക്കാറില്ലെന്നും അംഗത്വം പുതുക്കിയിട്ടില്ലെന്നുമാണ് ലീഗ് നേതൃത്വം പറയുന്നത്.
കഴിഞ്ഞ ദിവസം കാസര്‍കോട് നടന്ന മുഖ്യമന്ത്രിയോടൊപ്പമുള്ള പ്രഭാത വിരുന്നില്‍ പങ്കെടുത്ത ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗമായ എന്‍ എ അബൂബക്കറിനെതിരെ നടപടിക്ക് സാധ്യതയുണ്ടെന്ന് ജില്ലാ ലീഗ് നേതൃത്വം സൂചിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ ജനകീയ പങ്കാളിത്തത്തോടെ നവകേരള സദസ് സംഘടിപ്പിക്കുമ്പോള്‍ അതില്‍ പങ്കെടുക്കാതെ ബഹിഷ്കരിക്കുന്നതിനോട് ജില്ലയിലെ ഭൂരിപക്ഷം യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും എതിര്‍പ്പ് നിലവിലുണ്ട്.
ബഹിഷ്കരണം ശക്തിപ്പെടുത്തും: എം എം ഹസൻ
തിരുവനന്തപുരം: നവകേരളസദസ് ബഹിഷ്കരിക്കാനുള്ള തീരുമാനം തിരുത്താനല്ല ശക്തിപ്പെടുത്താനാണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നതെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. രാഷ്ട്രീയ പ്രചരണവും ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണവുമാണ് നവകേരള സദസിലെ മുഖ്യമന്ത്രിയുടെ പ്രസംഗങ്ങളിൽ മുഴങ്ങിക്കേട്ടത്. പ്രസംഗത്തിന്റെ സിംഹഭാഗവും യുഡിഎഫിനെയും മാധ്യമങ്ങളെയും വിമർശിക്കാനാണ് ചെലവഴിക്കുന്നത്. നവകേരളസദസിന് ‘വിമർശന സദസ്’ എന്ന് പേരിടുന്നതാണ് നല്ലതെന്നും എം എം ഹസന്‍ പറഞ്ഞു.
English Summary: More Leaders in New Kerala Assembly; UDF threatens action
You may also like this video