കോട്ടയം ജനറൽ ആശുപത്രിയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയതിന് അറസ്റ്റിലായ യൂത്ത്‌കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി അരവിന്ദ് വെട്ടിക്കലിനെതിരെ കൂടുതല്‍ പരാതികള്‍. ആരോഗവകുപ്പിന്റെ പേരിൽ നിയമനം നൽകാമെന്നേറ്റ് പലരിൽ നിന്നുമായി 50000 മുതൽ 1,60, 000 രൂപ വരെ വാങ്ങിയിട്ടുണ്ട്. തട്ടിപ്പിൽ മറ്റൊരു യൂത്ത് കോൺഗ്രസ് നേതാവിന് കൂടി പങ്കുണ്ടെന്ന് കരുതുന്നു. അരവിന്ദ് വെട്ടിക്കല്‍ നിർമ്മിച്ച വ്യാജ നിയമന ഉത്തരവിന്റെ പകർപ്പ് പുറത്തുവന്നിട്ടുണ്ട്. ഉത്തരവിൽ ആരോഗ്യവകുപ്പിന്റെയും കോട്ടയം മെഡിക്കൽ കോളേജിന്റെയും വ്യാജ സീലുകൾ കണ്ടെത്തി. സെക്ഷൻ ഓഫീസർ എന്ന വ്യാജേനയുള്ള ഒപ്പും ഉത്തരവിലുണ്ട്. പ്രതി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
കോട്ടയം ഗവ. ജനറല്‍ ആശുപത്രിയില്‍ റിസപ്‌ഷനിസ്റ്റ് തസ്തികയിൽ നിയമന ഉത്തരവ് കൈമാറി 50,000 രൂപ വാങ്ങിയ സംഭവത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടറർ നൽകിയ പരാതിയിലാണ് കന്റോൺമെന്റ് പൊലീസ് അരവിന്ദിനെ അറസ്റ്റ് ചെയ്‌തത്. എംപി ക്വോട്ടയിൽ നിയമനം നൽകാമെന്നായിരുന്നു ഏറ്റുമാനൂർ സ്വദേശിയായ യുവതിക്ക് അരവിന്ദ് നൽകിയ വാഗ്‌ദാനം.
അരവിന്ദ് പറഞ്ഞതുപ്രകാരം ജോലിക്കെത്തിയപ്പോഴാണ് തട്ടിപ്പിനിരയായ വിവരം യുവതി അറിഞ്ഞത്. ആരോഗ്യവകുപ്പിന്റെ വ്യാജ ലെറ്റർഹെഡും സീലും ഉപയോഗിച്ചാണ് നിയമന ഉത്തരവുകൾ തയ്യാറാക്കിയത്.
എന്നാൽ സംഭവത്തിൽ യുവതി പരാതി നൽകിയിരുന്നില്ല. പക്ഷെ അരവിന്ദ് കൈമാറിയ കത്തിന്റെ പകർപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ആരോഗ്യവകുപ്പ് ഡയറക്ടർ പരാതി നൽകുകയായിരുന്നു. പത്തനംതിട്ടയിൽനിന്നാണ് അരവിന്ദിനെ അറസ്റ്റ് ചെയ്തത്.
English Summary: More people lost money in Youth Congress leader’s recruitment fraud case
You may also like this video