Site iconSite icon Janayugom Online

വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷവും ഗാസയിൽ കൊല്ലപ്പെട്ടത് 100ലധികം കുട്ടികൾ

ഗാസയിൽ ഒക്ടോബർ ആദ്യം വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷവും നൂറിലധികം കുട്ടികൾ കൊല്ലപ്പെട്ടതായി യുനിസെഫ് വക്താവ് ജെയിംസ് എൽഡർ വ്യക്തമാക്കി. ഗാസയിൽ നിന്നുള്ള വീഡിയോ ലിങ്ക് വഴി യുഎൻ മാധ്യമ സമ്മേളനത്തിലാണ് അദ്ദേഹം ഈ കണക്കുകൾ പുറത്തുവിട്ടത്. കൊല്ലപ്പെട്ടവരിൽ 60 ആൺകുട്ടികളും 40 പെൺകുട്ടികളും ഉൾപ്പെടുന്നു. വ്യോമാക്രമണങ്ങൾ, ഡ്രോൺ ആക്രമണങ്ങൾ, ടാങ്ക് ഷെല്ലാക്രമണം, ക്വാഡ്കോപ്റ്ററുകൾ വഴിയുള്ള വെടിവെപ്പ് എന്നിവയാണ് പ്രധാനമായും കുട്ടികളുടെ ജീവനെടുത്തത്. ചില കുട്ടികൾ യുദ്ധാവശിഷ്ടങ്ങൾ പൊട്ടിത്തെറിച്ചും കൊല്ലപ്പെട്ടിട്ടുണ്ട്. വെടിനിർത്തൽ സമയത്ത് ബോംബാക്രമണങ്ങളുടെ തീവ്രത കുറഞ്ഞെങ്കിലും ആക്രമണങ്ങൾ പൂർണ്ണമായും നിലച്ചിട്ടില്ലെന്ന് ജെയിംസ് എൽഡർ ചൂണ്ടിക്കാട്ടി. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള കണക്കാണിതെന്നും യഥാർത്ഥ മരണസംഖ്യ ഇതിലും കൂടുതലാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version