Site icon Janayugom Online

ഇന്ത്യയില്‍ 14 ലക്ഷത്തിലധികം പുതിയ കാന്‍സര്‍ രോഗികള്‍

cancer

2022ല്‍ രാജ്യത്ത് 14.1 ലക്ഷം പുതിയ കാൻസര്‍ രോഗികളുണ്ടായതായും 9.1 ലക്ഷം പേര്‍ കാന്‍സര്‍ ബാധിതരായി മരിച്ചതായും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). പുതുതായി രോഗം സ്ഥിരീകരിച്ച പുരുഷന്മാരില്‍ ചുണ്ടുകളിലും വായിലും (15.6 ശതമാനം) ശ്വാസകോശ (8.5 ശതമാനം) ത്തിലുമാണ് കൂടുതലായി കാൻസര്‍ രോഗം കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീകളില്‍ സ്തനങ്ങളിലും (27 ശതമാനം) ഗർഭാശയമുഖ (18 ശതമാന) ത്തുമാണ് രോഗം കൂടുതലായി കണ്ടെത്തിയത്. 32.6 ലക്ഷം പേരില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ കാൻസര്‍ രോഗബാധ സ്ഥിരീകരിച്ചതായും ഡബ്ല്യുഎച്ച്ഒയുടെ ഇന്റര്‍നാഷണല്‍ ഏജൻസി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാൻസര്‍ (ഐഎആര്‍സി)പറയുന്നു. ലോകത്താകെയുള്ള കണക്കെടുത്താല്‍ ഇത് 5.3 കോടി വരും.
ആഗോളതലത്തില്‍ രണ്ടു കോടി പേരില്‍ പുതുതായി കാൻസര്‍ രോഗബാധ കണ്ടെത്തി. 97ലക്ഷം മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. അ‍ഞ്ചില്‍ ഒരാള്‍ക്ക് കാൻസര്‍ കണ്ടെത്തുന്നതായും ഒമ്പതു പുരുഷന്മാരില്‍ ഒരാള്‍ക്കും 12 സ്ത്രീകളില്‍ ഒരാള്‍ക്കും രോഗം കണ്ടെത്തുന്നുണ്ടെന്ന് പഠനം സൂചിപ്പിക്കുന്നു. 

ഇന്ത്യയില്‍ 75 വയസിന് മുമ്പ് കാൻസര്‍ രോഗം കണ്ടെത്തുന്നവരുടെ നിരക്ക് 10.6 ശതമാനമാണെന്നും ഇതേ വയസിനുള്ളില്‍ രോഗം മൂലം മരിക്കുന്നവരുടെ ശതമാനം 7.2 ആണെന്നും റിപ്പോര്‍ട്ടിലുണ്ട്. ആഗോളതലത്തില്‍ ഇത് യഥാക്രമം 20, 9.6 ശതമാനമാണ്. 2022ല്‍ 10 തരം കാൻസര്‍ രോഗബാധ മൂലമാണ് മൂന്നില്‍ രണ്ടു വിഭാഗവും മരണപ്പെട്ടതെന്നും പുതുതായി രോഗം സ്ഥിരീകരിച്ചതെന്നും ഐഎആര്‍സി പറയുന്നു. 185 രാജ്യങ്ങളെയും 36 തരം കാൻസര്‍ രോഗങ്ങളെയും പഠന വിധേയമാക്കിയിരുന്നു. 

ശ്വാസകോശ കാൻസറാണ് കൂടുതല്‍ ആളുകളില്‍ കണ്ടുവരുന്നതെന്നും മരണകാരണമാകുന്നതെന്നും പഠനം സൂചിപ്പിക്കുന്നു. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരില്‍ 12.4 ശതമാനം പേരിലും ശ്വാസകോശ കാൻസറാണ് കണ്ടുവരുന്നത്. 19 ശതമാനം പേരാണ് ശ്വാസകോശ കാൻസര്‍ ബാധിച്ച് മരിക്കുന്നത്. ഏഷ്യൻ രാജ്യങ്ങളിലെ അമിതമായ പുകയില ഉപയോഗമാകാം ഇതിന് കാരണമെന്നും ഏജൻസി പറയുന്നു. കൂടുതല്‍ പേരില്‍ കണ്ടുവരുന്ന രണ്ടാമത്തേത് സ്തനാര്‍ബുദമാണ്. 11.6 ശതമാനം പുതിയ കേസുകളും ഇവയാണ്. ഏഴ് ശതമാനം മരണത്തിനും സ്തനാര്‍ബുദം കാരണമാകുന്നു.
രോഗ ബാധിതരുടെ എണ്ണത്തില്‍ എട്ടാം സ്ഥാനത്തും മരണകാരണത്തില്‍ ഒമ്പതാം സ്ഥാനത്തുമാണ് ഗര്‍ഭാശയമുഖ കാൻസര്‍. 25 രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കാണുന്ന തരം കാൻസറും ഇതാണ്. സഹാറ മേഖലയിലാണ് ഗര്‍ഭാശയമുഖ കാൻസര്‍ കൂടുതലായി കണ്ടെത്തിയിട്ടുള്ളത്. 

Eng­lish Summary:More than 14 lakh new can­cer patients in India

You may also like this video

Exit mobile version