രാജ്യത്തെ 20.6 കോടി കുട്ടികള്‍ക്ക് ആരോഗ്യം, ശുദ്ധജലം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന സേവനങ്ങള്‍ ഇപ്പോഴും അന്യമാണെന്ന് യുനിസെഫ് റിപ്പോര്‍ട്ട്. ദാരിദ്യനിര്‍മ്മാര്‍ജനത്തിലടക്കം കേന്ദ്ര സര്‍ക്കാര്‍ വലിയ അവകാശവാദങ്ങളുയര്‍ത്തുമ്പോഴാണ് ഈ കണക്കുകള്‍ പുറത്തുവരുന്നത്.രാജ്യത്തെ കുട്ടികളില്‍ പകുതിയോളം പേര്‍ക്ക് ആരോഗ്യം, പോഷകാഹാരം, പാര്‍പ്പിടം, ശുദ്ധജലം, ശുചിത്വം, വിദ്യാഭ്യാസം എന്നീ അവശ്യ സേവനങ്ങളില്‍ ഒന്നെങ്കിലും ലഭ്യമല്ലെന്നാണ് കണ്ടെത്തല്‍. ഇവരില്‍ത്തന്നെ മൂന്നിലൊന്ന് പേര്‍ക്ക് രണ്ടോ അതിലധികമോ സേവനങ്ങള്‍ ലഭിക്കുന്നില്ല. ഇവര്‍ക്ക് അടിയന്തര സഹായം ആവശ്യമാണ്.
സാമൂഹികമായ അസമത്വങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഭിന്നശേഷിക്കാരായ കുട്ടികളെയും, തീരെ ചെറിയ കുട്ടികളെയുമാണ്. സംഘര്‍ഷ ബാധിത പ്രദേശങ്ങളിലും പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്ന മേഖലകളിലും താമസിക്കുന്ന കുട്ടികള്‍ക്കും ആനുപാതികമല്ലാത്ത വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നു. കാലാവസ്ഥാ വ്യതിയാനം, ദേശീയ കടബാധ്യതകള്‍ എന്നിവ നിരവധി കുടുംബങ്ങളെ കൂടുതല്‍ സാമ്പത്തിക ബുദ്ധിമുട്ടുകളിലേക്ക് തള്ളിവിടുന്നതായും, ഇത് കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
കുട്ടികളുടെ വളര്‍ച്ചയ്ക്കും വികാസത്തിനും വേണ്ടി നടത്തുന്ന നിക്ഷേപം പോലെ ലാഭകരമായ മറ്റൊരു നിക്ഷേപമില്ലെന്ന് യുനിസെഫ് ഇന്ത്യ പ്രതിനിധി സിന്തിയ മക്കാഫ്രി അഭിപ്രായപ്പെട്ടു. ദേശീയ പദ്ധതികളില്‍ കുട്ടികളുടെ അവകാശങ്ങള്‍ കൃത്യമായി ഉള്‍പ്പെടുത്തണമെന്നും, ഗുണനിലവാരമുള്ള ആരോഗ്യവും വിദ്യാഭ്യാസവും എല്ലാവര്‍ക്കും ഉറപ്പാക്കണമെന്നും യുനിസെഫ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരം 2013–14 നും 2022–23 നും ഇടയില്‍ 24.8 കോടി (248 ദശലക്ഷം) ഇന്ത്യക്കാര്‍ ദാരിദ്ര്യത്തില്‍ നിന്ന് മോചിതരായി. ഈ നേട്ടങ്ങള്‍ക്കിടയിലും കുട്ടികളുടെ ക്ഷേമത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും യുനിസെഫ് റിപ്പോര്‍ട്ട് ഓര്‍മ്മിപ്പിക്കുന്നു.

