Site icon Janayugom Online

200 ലധികം മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ താലിബാന്‍ കൊലപ്പെടുത്തി

കാബൂള്‍: താലിബാന്‍ രാജ്യം പിടിച്ചടക്കിയ ശേഷം മുന്‍ അഫ്ഗാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും സുരക്ഷാ സേനാംഗങ്ങളുടെയും 200 ലധികം നിയമവിരുദ്ധ കൊലപാതകങ്ങള്‍ നടന്നതായി ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനിലെ യുഎന്‍ അസിസ്റ്റന്‍സ് മിഷന്റെ കണക്കനുസരിച്ച്, താലിബാന്‍ അധികാരം പിടിച്ചെടുത്ത 2021 ഓഗസ്റ്റ് 15 നും 2023 ജൂണ്‍ അവസാനത്തിനും ഇടയില്‍ മുന്‍ അഫ്ഗാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സുരക്ഷാ സേനയ്ക്കുമെതിരെ കുറഞ്ഞത് 800 മനുഷ്യാവകാശ ലംഘനങ്ങളെങ്കിലും നടത്തിയിട്ടുണ്ട്.

തടങ്കല്‍ കേന്ദ്രത്തില്‍ കസ്റ്റഡിയിലിരിക്കെയാണ് ഉദ്യോഗസ്ഥര്‍ ഭൂരിഭാഗവും കൊല്ലപ്പെട്ടത്. മറ്റുള്ളവരെ അജ്ഞാത സ്ഥലങ്ങളിൽ കൊണ്ടുപോയി കൊന്നു. മൃതദേഹങ്ങൾ ഒന്നുകിൽ ഉപേക്ഷിക്കുകയോ കുടുംബാംഗങ്ങൾക്ക് കൈമാറുകയോ ചെയ്തതായും റിപ്പോര്‍ട്ട് പറയുന്നു. 34 പ്രവിശ്യകളില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കാബൂൾ, കാണ്ഡഹാർ, ബാൽഖ് പ്രവിശ്യകളിലാണ് ഏറ്റവും കൂടുതൽ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. താലിബാന്‍ അധികാരം ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ നാല് മാസങ്ങളിലാണ് ഭൂരിഭാഗം കൊലപാതകങ്ങളും നടന്നത്. ഈ കാലയളവിൽ മുൻ സർക്കാർ ഉദ്യോഗസ്ഥരുടെയും അഫ്ഗാൻ സുരക്ഷാ സേനയുടെയും നിയമവിരുദ്ധ കൊലപാതകങ്ങളിൽ പകുതിയോളം യുഎന്‍ രേഖപ്പെടുത്തി.
2022 ൽ 70 നിയമവിരുദ്ധ കൊലപാതകങ്ങൾ നടന്നതായും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. തെ­ക്കൻ കാണ്ഡഹാർ പ്രവിശ്യയിലെ മുൻ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കുറഞ്ഞത് 33 മനുഷ്യാവകാശ ലംഘനങ്ങളെങ്കിലും നടന്നിട്ടുണ്ട്. മുന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായി നടന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ നാലിലൊന്നും കാണ്ഡഹാറിലാണ്. സർക്കാർ ഉദ്യോഗസ്ഥരുടെയും സുരക്ഷാ സേനാംഗങ്ങളുടെയും നിർബന്ധിത തിരോധാനത്തിന്റെ 14 സംഭവങ്ങള്‍ യുഎന്‍ സ്ഥിരീകരിച്ചു. മുൻ സർക്കാർ ഉദ്യോഗസ്ഥരുടെ 424 ലധികം സ്വേച്ഛാപരമായ അറസ്റ്റുകളും തടങ്കലുകളും യുഎൻ രേഖപ്പെടുത്തിയിട്ടുണ്ട്. മുൻ സർക്കാരുമായും അന്താരാഷ്ട്ര സേനയുമായും ബന്ധമുള്ളവർക്ക് പൊതുമാപ്പ് നൽകുമെന്ന് താലിബാൻ ആദ്യം വാഗ്ദാനം ചെയ്തിരുന്നെങ്കിലും പാലിക്കപ്പെട്ടിട്ടില്ല.

അതേസമയം, താലിബാന്റെ നേതൃത്വത്തിലുള്ള അഫ്ഗാന്‍ വിദേശകാര്യ മന്ത്രാലയം റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞു. മുൻ സർക്കാരിലെ ജീവനക്കാർക്കും സുരക്ഷാ സേനയ്ക്കും എതിരെവിചാരണ കൂടാതെയുള്ള കൊലപാതകം, ഏകപക്ഷീയമായ അറസ്റ്റ്, തടങ്കൽ, പീഡനം, മറ്റ് മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.

Exit mobile version