രാജ്യത്തെ ജയിലുകളില്‍ വിചാരണകാത്ത് കഴിയുന്നത് മൂന്നര ലക്ഷത്തിലധികം പേര്‍. മൊത്തം തടവുകാരുടെ നാലില്‍ മൂന്നും (76 ശതമാനം) ഈ വിഭാഗമാണ്. ഇത് ആഗോള ശരാശരിയായ 34 ശതമാനത്തിനേക്കാള്‍ വളരെ ഉയര്‍ന്നതാണ്. ആരോപണവിധേയനായ ഒരാളെ വിചാരണ കൂടാതെ ആജീവനാന്തം ജയിലിലടയ്ക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞദിവസവും സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു.
54 കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ ബംഗ്ലാദേശ് കഴിഞ്ഞാല്‍ വിചാരണത്തടവുകാര്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യയിലാണ്. ഇവയില്‍ ഇന്ത്യയടക്കം ചില രാജ്യങ്ങളുടെ നിയമവ്യവസ്ഥകളിലെ കൊളോണിയൽ പൈതൃകമാണ് ഇപ്പോഴും പ്രതിഫലിക്കുന്നതെന്ന് ഈ വര്‍ഷം ജൂണിലെ കോമണ്‍വെല്‍ത്ത് ഹ്യൂമന്‍റൈറ്റ്സ് ഇനിഷ്യേറ്റീവ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ആഗോളതലത്തില്‍ ഇന്ത്യ ആറാം സ്ഥാനത്താണ്. ലിച്ചെൻസ്റ്റീൻ (91.7 ശതമാനം), സാന്‍ മാരിനോ (88.9), ഹെയ്തി (81.9), ഗാബോണ്‍ (80.2), ബംഗ്ലാദേശ് (80) എന്നിങ്ങനെയാണ് വിചാരണത്തടവുകാരുടെ നിരക്ക്. രാജ്യത്ത് നാലില്‍ ഒന്ന് വിചാരണത്തടവുകാരന്‍ ഒന്നോ അതിലധികം വര്‍ഷമോ തടങ്കിലാക്കപ്പെടുന്നു എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. എട്ടില്‍ ഒരാള്‍ക്ക് രണ്ട് മുതല്‍ അഞ്ച് വര്‍ഷം ജയിലില്‍ കഴിയേണ്ടിവരുന്നു.
2020 വരെയുള്ള ഒരു ദശാബ്ദത്തിനിടയില്‍ വിചാരണത്തടവുകാരുടെ എണ്ണം ഏഴ് ശതമാനം വര്‍ധിച്ച് 29 ശതമാനത്തിലെത്തി. 2020ലെ കോവിഡ് ലോക്ഡൗണ്‍ കാലഘട്ടത്തില്‍ 12 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തി.
മഹാമാരിക്കിടയില്‍ ജയിലുകളില്‍ തടവുകാരുടെ എണ്ണത്തില്‍ ഭീമമായ വര്‍ധനവ് ഉണ്ടായതോടെ സുപ്രീം കോടതി ഉന്നത സമിതിയെ നിയോഗിക്കുകയും തത്ഫലമായി 68,264 വിചാരണത്തടവുകാരെ മോചിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെ ജയിലുകളിലെ തടവുകാരുടെ എണ്ണം 17 ശതമാനമായി കുറഞ്ഞുവെന്നും കോമണ്‍വെല്‍ത്ത് ഹ്യൂമന്‍റൈറ്റ്സ് ഇനിഷ്യേറ്റീവ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
നിരവധി ഉത്തരവുകള്‍ ഉണ്ടായിട്ടും ദശാബ്ദങ്ങളായി ഇന്ത്യയിലെ ജയിലുകള്‍ വിചാരണത്തടവുകാരാല്‍ നിറഞ്ഞുകവിയുകയാണെന്ന് ഈ വര്‍ഷം ജൂലൈയില്‍ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ബ്രിട്ടന്‍ മാതൃകയിൽ ജാമ്യം അനുവദിക്കുന്നതിനുള്ള നടപടികൾ കാര്യക്ഷമമാക്കാൻ പ്രത്യേക ജാമ്യ നിയമം കൊണ്ടുവരുന്നത് പരിഗണിക്കാൻ കോടതി കേന്ദ്ര സർക്കാരിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.
വേണ്ടത്ര ബോധ്യമില്ലാതെ പൊലീസ് നടത്തുന്ന വിവേചനരഹിതമായ അറസ്റ്റുകളാണ് രാജ്യത്ത് വിചാരണത്തടവുകാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകാന്‍ കാരണമെന്നാണ് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
English Summary: More than 350,000 people are awaiting trial in jails
You may like this video also