രാജ്യത്ത് 2018നും 22നും ഇടയില്‍ അപ്രത്യക്ഷമായത് കൃഷിയിടങ്ങളിലെ അമ്പത് ലക്ഷത്തിലധികം വന്‍മരങ്ങള്‍. ‘നേച്ചര്‍ സസ്റ്റയിനബിലിറ്റി’ മാസിക പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജൈവ വൈവിധ്യത്തെ ഇത് ദോഷകരമായി ബാധിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
മാറിവരുന്ന കൃഷിരീതികളുടെ ഫലമായാണ് ചുരുങ്ങിയ കാലംകൊണ്ട് ഇത്രയും വൃക്ഷങ്ങള്‍ തുടച്ചു നീക്കപ്പെട്ടതെന്ന് റിപ്പോര്‍ട്ട് പറയുന്നു. വനങ്ങള്‍ നെല്‍വയലുകളാക്കി മാറ്റുന്ന പ്രവണത വനനഷ്ടത്തിന്റെ ആക്കം കൂട്ടി. കൃഷിഭൂമിയില്‍ നിന്നും ഏറെപ്രായമുള്ളതും വലുതുമായ വൃക്ഷങ്ങള്‍ മുറിച്ചുമാറ്റി പകരം പാരിസ്ഥിതിക മൂല്യമില്ലാത്ത മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതും പുതിയ കൃഷിരീതികളുടെ ഭാഗമായി. തെലങ്കാന, ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ ഇത്തരം കൃഷിരീതികള്‍ വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
വന്‍ മരങ്ങള്‍ മൂലം കൂടുതല്‍ പ്രയോജനം ലഭിക്കാത്തതും ഇവയുടെ തണല്‍ മൂലം കാര്‍ഷികവിളകളുടെ ഉല്പാദനം കുറയുമെന്ന ആശങ്കയും അവ നീക്കം ചെയ്യുന്നതിന് പിന്നിലെ കാരണങ്ങളാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി കുഴല്‍ക്കിണറുകള്‍ വഴി ജലസേചനം ലഭ്യമായതോടെ നെല്‍ക്കൃഷിയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. നെല്‍ക്കൃഷിയിലൂടെ വന്‍ ആദായം ലഭിച്ചതും മരങ്ങള്‍ വെട്ടാന്‍ കര്‍ഷകരെ പ്രേരിപ്പിച്ചു.
ഇന്ത്യയുടെ വിസ്തൃതിയില്‍ 56 ശതമാനവും കാര്‍ഷികമേഖലയാണ്. നഷ്ടമായ മരങ്ങളിൽ തെങ്ങ്, വേപ്പ്, പ്ലാവ്, മഹുവ തുടങ്ങിയവ ഉള്‍പ്പെടുന്നു. മണ്ണ്, വളപ്രയോഗം, വിളകളുടെ സംരക്ഷണം, തണൽ തുടങ്ങിയവയ്ക്ക് ഇത്തരം മരങ്ങള്‍ സഹായകരമായിരുന്നു. മനുഷ്യ ഇടപെടലുകള്‍ക്ക് പുറമെ കാട്ടുതീ, ഫംഗസ് ബാധകള്‍, വരൾച്ച, പ്രാണികളുടെ ആക്രമണം തുടങ്ങിയവയും വന്മരങ്ങളുടെ മരണത്തിന് കാരണമാകുന്നുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഗവേഷകര്‍ 2010-11 വര്‍ഷങ്ങളില്‍ ഏകദേശം 60 കോടി മരങ്ങളെ നിരീക്ഷിച്ചിരുന്നു. ഇവയില്‍ 11 ശതമാനവും 2018 ഓടെ അപ്രത്യക്ഷമായി. 2018 മുതല്‍ 22 വരെ അമ്പത് ലക്ഷത്തിലധികം വൃക്ഷങ്ങള്‍ നശിച്ചു. എന്നാല്‍ ഔദ്യോഗിക രേഖകളില്‍ കാര്‍ഷിക വനവിസ്തൃതി വര്‍ധിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. പഴക്കംചെന്ന വൈവിധ്യമേറിയ വൃക്ഷങ്ങള്‍ പാരിസ്ഥിതിക്കു നല്‍കുന്ന സംഭാവന പരിഗണിക്കാതെയുള്ള കണക്കുകളാണിതെന്ന് പഠനം വിലയിരുത്തുന്നു.
English Summary:More than half a million trees have disappeared in five years
You may also like this video

