ഉത്തര്‍പ്രദേശ് തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനായി തയാറാക്കിയ വോട്ടര്‍ പട്ടികയില്‍ ഒരു കോടിയിലധികം സംശയാസ്പദമായ വോട്ടർമാരെ കണ്ടെത്തി. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇത്രയും വോട്ടർമാരെ കണ്ടെത്തിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇത്രയധികം വ്യാജ വോട്ടര്‍മാരെ തിരിച്ചറിഞ്ഞത്. ചേര്‍ത്തിരിക്കുന്ന പേരുകൾ, ജാതി, വിലാസങ്ങൾ, ലിംഗഭേദം, പ്രായം എന്നിവയിൽ ശ്രദ്ധേയമായ സമാനതകൾ ഉണ്ടായി. ഇത് ആധികാരികതയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നതായിരുന്നു. തുടര്‍ന്നാണ് എഐ ഉപയോഗിച്ച് പരിശോധിച്ചത്. ഡാറ്റാബേസിൽ ഉടനീളം സംശയാസ്പദമായ പാറ്റേണുകൾ എഐ പരിശോധനയില്‍ കണ്ടെത്തി. കൂടുതൽ പരിശോധനാ നടപടികൾ ആരംഭിക്കാൻ ഇത് നിര്‍ബന്ധിതമാക്കി. എഎെ റിപ്പോർട്ടിനെത്തുടർന്ന്, വോട്ടർ ഐഡന്റിറ്റികൾ സ്ഥിരീകരിക്കുന്നതിനും വ്യാജന്മാരെ ഒഴിവാക്കുന്നതിനുമായി ബൂത്ത് ലെവൽ ഓഫിസർമാർ വീടുതോറുമുള്ള പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രക്രിയയിൽ മുഖം തിരിച്ചറിയൽ സംവിധാനങ്ങളും എഎെ സാങ്കേതികവിദ്യയും ഇപ്പോൾ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ രാജ് പ്രതാപ് സിങ് സ്ഥിരീകരിച്ചു. പ്രത്യേകിച്ച് പ്രശ്നബാധിത ബൂത്തുകളിൽ വ്യാജ വോട്ടർമാരെ കണ്ടെത്താൻ എഎെ അധിഷ്ഠിത സംവിധാനം ഉപയോഗിക്കും. വോട്ടര്‍പട്ടികയിലെ എല്ലാ എന്‍ട്രികളുടെയും ഭൗതിക പരിശോധന ഉറപ്പാക്കാൻ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ, വോട്ടർ പട്ടികയിലെ വ്യാജ പേരുകളെക്കുറിച്ചുള്ള പരാതികൾ സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കും.

