പുതുതായി നാല് വനിതകൾ കൂടി ഹോം ഗാർഡിന്റെ ഭാഗമായി. വനിതാ ഹോം ഗാർഡുമാർക്കുള്ള രണ്ടാം ഘട്ട സെലക്ഷനിലാണു സി ആർ പി എഫിൽ നിന്ന് വിരമിച്ച ടി എം നിഷ, പി പി അജിത, കെ പി റീജ, എസ് എസ് സ്വാതി എന്നിവർ യോഗ്യത നേടിയത്. തളി സാമൂതിരി ഹയർ സെക്കണ്ടറി സ്കൂളിലാണ് സെലക്ഷൻ നടന്നത്. തെരഞ്ഞെടുത്തവർക്ക് 780 രൂപ പ്രതിദിന വേതനം നൽകും. ജില്ലയിൽ 400 ഹോം ഗാർഡുമാരുടെ തസ്തികയാണ് നിലവിലുള്ളത്. ഇതിൽ 30 ശതമാനം സ്ത്രീകൾക്കായി സംവരണം ചെയ്തെങ്കിലും ഇത് വരെ അഞ്ച് പേർ മാത്രമാണ് അപേക്ഷിച്ചത്.
ഇതിൽ ആദ്യത്തെ ആൾ കഴിഞ്ഞ വർഷം മുക്കം സ്റ്റേഷനിൽ നിയമിതയായി. ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ആമോസ് മാമ്മൻ ചെയർമാനും ജില്ലാ ഫയർ ഓഫീസർ മൂസ വടക്കേതിൽ കൺവീനറും ജില്ലാ സൈനിക ക്ഷേമ ഓഫീസർ ജോഷി ജോസഫ് അംഗവുമായ സെലക്ഷൻ ബോർഡാണ് കായിക ക്ഷമതാ പരിശോധന പൂർത്തിയാക്കിയത്. തെരഞ്ഞെടുക്കപ്പെട്ടവർക്ക് അടുത്ത മാസം വിയ്യൂർ ഫയർഫോഴ്സ് അക്കാദമിയിൽ പരിശീലനം നൽകിയ ശേഷം വിവിധ ഫയർസ്റ്റേഷനുകളിൽ സേവനത്തിനായ് അയക്കും. ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ റോബി വർഗ്ഗീസ്, പി സതീഷ്, പി കെ ബഷീർ, പ്രേംനാഥ് മംഗലശ്ശേരി എന്നിവർ നേതൃത്വം കൊടുത്തു.
English Summary:More women home guards to the fire force
You may also like this video