വ്യാജവാർത്ത പ്രചരിപ്പിച്ച ആർഎസ്എസ് പ്രവർത്തകനെ തമിഴ്‌നാട്ടില്‍ അറസ്റ്റുചെയ്തു. സമൂഹമാധ്യമങ്ങളില്‍ വ്യാജവാർത്ത പ്രചരിപ്പിച്ച 52 കാരനായ ശരവണപ്രസാദാണ് അറസ്റ്റിലായത്. കോയമ്പത്തൂര്‍ സ്വദേശിയായ ഇയാള്‍ക്കെതിരെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കുറ്റവും ചുമത്തിയിട്ടുണ്ട്.
ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) യുവജന വിഭാഗം പല്ലടം സെക്രട്ടറി ബാലസുബ്രഹ്മണ്യം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആർഎസ്എസ് പ്രവർത്തകനെതിരെ സൈബർ ക്രൈം സംഘം അന്വേഷണം ആരംഭിച്ചത്. സ്‌കൂളിനുള്ളിൽ അനധികൃത മദ്യം വാറ്റിയതിന് പൊലീസ് കസ്റ്റഡിയിലുള്ള അഞ്ച് ഡിഎംകെ പ്രവർത്തകര്‍ എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ പ്രചരിപ്പിച്ചത്.
എന്നാൽ ചിത്രം മോർഫ് ചെയ്തതാണെന്നും 2021ൽ കോവിഡ് ലോക്ഡൗൺ കാലത്തെ ചിത്രമാണ് മോര്‍ഫ് ചെയ്തതെന്നും പിന്നീട് കണ്ടെത്തി. ഇതിനെ തുടർന്നാണ് കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ മനപ്പൂർവ്വം പ്രകോപനം സൃഷ്ടിക്കുക, പൊതുജനങ്ങൾക്ക് ഭയമോ ഭീതിയോ ഉണ്ടാക്കുന്നതോ ആയ പ്രസ്താവനകൾ പോസ്റ്റ് ചെയ്യുക എന്നീ കുറ്റം ചുമത്തി സൈബർ ക്രൈം വിഭാഗം ശരവണപ്രസാദിനെ അറസ്റ്റുചെയ്തത്.
English Sammury: RSS worker arrested for morphing picture of DMK workers and spreading it