ബീഹാറിലെ ബക്‌സർ ജില്ലയിൽ കുടുംബപ്രശ്നങ്ങളെത്തുടർന്ന് യുവതി മൂന്ന് മക്കൾക്കൊപ്പം വിഷം കഴിച്ചു. ബുധനാഴ്ച രാസൻ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തിൽ, മൂന്ന് വയസ്സുകാരനായ മകൻ ചികിത്സയിലിരിക്കെ മരിച്ചു. 26കാരിയായ യുവതിയുടെയും മറ്റ് രണ്ട് മക്കളുടെയും നില അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
ആദ്യ ഭർത്താവിന്റെ മരണശേഷം അദ്ദേഹത്തിന്റെ സഹോദരനെ തന്നെ വിവാഹം കഴിച്ച യുവതി, ഭർത്താവിന്റെ വീട്ടുകാരുമായുള്ള തർക്കത്തെത്തുടർന്ന് മാസങ്ങളായി മാറി താമസിക്കുകയായിരുന്നു. ഭർത്താവ് ജിതേന്ദ്ര ചൗഹാനും മാതാപിതാക്കളും പുറത്തുപോയ സമയത്താണ് യുവതി മക്കൾക്കൊപ്പം കീടനാശിനി കഴിച്ചത്. വീട്ടിൽ തിരിച്ചെത്തിയ ജിതേന്ദ്ര കുട്ടികൾ ഛർദ്ദിക്കുന്നത് കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. നിലവിൽ വാരണാസിയിലെ ബി എച്ച് യു ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ് ഇവർ. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

