Site iconSite icon Janayugom Online

ട്രെയിനില്‍ നിന്ന് തള്ളിയിട്ട യുവതിയുടെ ദേഹത്ത് 20 മുറിവുകളെന്ന് അമ്മ; ചികിത്സയില്‍ തൃപ്തരല്ലെന്നും കുടുംബം

ട്രെയിനില്‍ നിന്ന് തള്ളിയിട്ടതിനെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ യുവതിയുടെ ചികിത്സയില്‍ തൃപ്തരല്ലെന്ന് കുടുംബം. യുവതിക്ക് മികച്ച ചികിത്സ ലഭ്യമാക്കണമെന്നും സര്‍ക്കാര്‍ അടിയന്തരമായി ഇക്കാര്യത്തില്‍ ഇടപെടണമെന്നും യുവതിയുടെ അമ്മയും ബന്ധുക്കളും പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ കണ്ടാണ് താന്‍ ഈ സംഭവമറിഞ്ഞതെന്നാണ് പരിക്കേറ്റ ശ്രീക്കുട്ടിയുടെ അമ്മ പ്രിയദര്‍ശിനി മാധ്യമങ്ങളോട് പറഞ്ഞത്. മകളുടെ ശരീരത്തില്‍ 20തോളം മുറിവുകളുണ്ടെന്നും അമ്മ വ്യക്തമാക്കി.

എന്റെ കുട്ടിയെയാണ് ചവിട്ടിയിട്ടതെന്ന് ഇന്‍സ്റ്റഗ്രാമില്‍ ന്യൂസ് വീഡിയോ കണ്ടപ്പോഴാണ് അറിയുന്നത്. അപ്പോഴേക്കും ശ്രീക്കുട്ടിയെയാണ് തള്ളിയിട്ടതെന്ന് മകന്‍ വിളിച്ച് പറയുകയായിരുന്നു. സ്ഥിരമായി ട്രെയിനിലും ബസിലും പോയിവരുന്നയാളാണ്. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകവേയായിരുന്നു അക്രമം നടന്നത്. കുട്ടിക്ക് മികച്ച ചികിത്സ കിട്ടണം. സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. അവള്‍ പാതി കണ്ണടച്ച് തണുത്ത് ഐസ് പോലെ കിടക്കുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെ ശ്വാസമെടുക്കുന്നുണ്ടെന്ന് ബെംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തെത്തിയ അമ്മ പ്രിയദര്‍ശിനി മാധ്യമങ്ങളോട് പറഞ്ഞു.

പെൺകുട്ടിയുടേത് പാവപ്പെട്ട കുടുംബമാണെന്നും ഇവരുടെ ആവശ്യം സര്‍ക്കാര്‍ ഗൗരവമായി കാണണമെന്നും അടിയന്തര ചികിത്സയ്ക്ക് ഉത്തരവിടണമെന്നും തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ആവശ്യപ്പെട്ടു. നാളെ രാവിലെ മാത്രമേ വിദഗ്ധ അഭിപ്രായം പറയാനാകൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്

Exit mobile version