മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ ഭൗതികദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴയിലെത്തി. തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനായി ആയിരങ്ങളാണ് ആലപ്പുഴയുടെ വഴിയോരങ്ങളിൽ കാത്തുനിൽക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് കൃത്യം രണ്ട് മണിക്ക് തലസ്ഥാനത്തുനിന്ന് ആരംഭിച്ച വിലാപയാത്ര പുലർച്ചെ 1 മണിക്ക് ആലപ്പുഴയിൽ എത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, വഴിയിലുടനീളം തങ്ങളുടെ നേതാവിനെ ഒരു നോക്ക് കാണാൻ കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്താല്‍ വി എസിന്റെ അന്ത്യയാത്ര മണിക്കൂറുകൾ വൈകി.
വി എസിന്റെ ഭൗതികശരീരം ആലപ്പുഴയിലെ വീട്ടിലേക്കാണ് കൊണ്ടുപോകുന്നത്. പിന്നീട് തിരുവമ്പാടിയിലെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലും ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം നടത്തും. അതിനുശേഷം വലിയ ചുടുകാട്ടിൽ സംസ്കാരം നടക്കും. വി എസ് തന്റെ സമരഭൂമിയിൽ അന്ത്യവിശ്രമം കൊള്ളും.

