Site iconSite icon Janayugom Online

ധീരജിന് ഇടുക്കിയുടെ റെഡ് സല്യൂട്ട്: അന്ത്യാഭിവാദ്യം അര്‍പ്പിച്ച് ആയിരങ്ങള്‍

MM Mani dheerajMM Mani dheeraj

ഇന്നലെ കുത്തേറ്റു മരിച്ച പൈനാവ് ഗവ എഞ്ചിനീയറിംഗ് കോളജിലെ വിദ്യാർത്ഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ ധീരജിന്റെ മൃതദേഹം സി.പി.എം ഇടുക്കി ജില്ലാകമ്മറ്റി ഓഫീസിൽ പൊതുദർശനത്തിന് വച്ചു. തുടർന്ന് പൈനാവ് ഗവ.എഞ്ചീനീയറിംഗ് കോളേജിൽ സഹപാഠികൾ ആദരാജ്ഞലിയർപ്പിച്ചു.

ഇവിടെ നിന്ന് ധീരജിന്റെ സ്വദേശമായ കണ്ണൂർ തളിപ്പറമ്പിലേയ്ക്കുള്ള വിലാപയാത്ര ആരംഭിച്ചു.

ഇന്നലെയാണ് ഇടുക്കി എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥിയായ ധീരജിനെ കുത്തി കൊലപ്പെടുത്തിയത്. കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ധീരജിനെ കൊലപ്പെടുത്തിയ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലി ഉൾപ്പെടെ ആറു പേർ പൊലീസ് കസ്റ്റഡിയിലാണ്. നിഖിൽ പൈലിയുടെയും, ജറിൻ ജോജോയുടെയും അറസ്റ്റ് രേഖപ്പെടുത്തി. കെ.എസ്.യു യൂണിറ്റ് ഭാരവാഹി അലക്സ് റാഫേലിനെയും ഇന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ധീരജ് രാജേന്ദ്രന്റെ കൊലപാതകം രാഷ്ട്രീയ വിരോധം മൂലമെന്നാണ് പൊലീസിന്റെ എഫ് ഐ ആർ. നിഖിൽ പൈലിക്കെതിരെ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകൾ ചുമത്തി. വധശ്രമമത്തിനും സംഘം ചേർന്നതിനുമാണ് ജെറിൻ ജോജോയിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടുതൽ പേർക്ക് കേസിൽ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ധീരജിനൊപ്പം കുത്തേറ്റ രണ്ടു വിദ്യാർത്ഥികൾ ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ധീരജിന്റെ മൃതദേഹം പോസ്‌റ്റ്‌ മോർട്ടത്തിന്‌ ശേഷം ആയിരങ്ങളുടെ സാന്നിധ്യത്തിൽ സിപിഐ എം എസ്‌എഫ്‌ഐ നേതാക്കൾ ഏറ്റുവാങ്ങി. രക്തപതാകയും നക്ഷത്രാങ്കിത ശുഭ്രപതാകയും പുതപ്പിച്ച മൃതദേഹത്തിൽ ആയിരങ്ങൾ  ചുവന്ന പൂക്കളർപ്പിച്ച്‌ അന്ത്യാഭിവാദ്യമർപ്പിച്ചു. സിപിഐ എം നേതാക്കളായ എം എം മണി, കെ ജെ തോമസ്‌, കെ കെ ജയചന്ദ്രൻ, സി കെ വർഗീസ്‌ എസ്‌എഫ്‌ഐ  സംസ്‌ഥാന സെക്രട്ടറി കെ എം സച്ചിൻ ദേവ്‌, അഖിലേന്ത്യാ പ്രസിഡന്റ്‌ വി പി സാനു, മന്ത്രി റോഷി അഗസ്‌റ്റിൻ തുടങ്ങിവർ ചേർന്ന്‌ രക്തപതാക പുതപ്പിച്ചു.

ആശുപത്രി പരിസരത്ത്‌ അൽപനേരം പൊരുദർശനത്തിനായി വെച്ചശേഷം മൃതദേഹം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക്‌ കൊണ്ടുപോയി. നിരവധിപേരാണ്‌ ധീരജിനെ ഒരു നോക്കുകാണാനായി എത്തിയത്‌.  തുടർന്ന്‌  ധീരജിന്റെ കലാലയമായ പൈനാവ് എഞ്ചിനീയറിംഗ് കോളേജിലും പൊതുദര്‍ശനത്തിന് വച്ചശേഷം മൃതദേഹം ജൻമനാടായ തളിപറമ്പിലേക്ക്‌ വിലാപയാത്രയായി കൊണ്ടുപോകും. തൊടുപുഴയിലും എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴയിലും പൊതുദര്‍ശനത്തിന് വയ്ക്കും. വൈകീട്ടോടെ മൃതദേഹം  തളിപ്പറമ്പിലെത്തും. വീടിനോട് ചേർന്ന്‌ സിപിഐ എം വാങ്ങിയ സ്‌ഥലത്ത്‌ ധീരജിന്‌ അന്ത്യവിശ്രമമൊരുക്കും.

Eng­lish Sum­ma­ry: Mourn­ing pro­ces­sion of Dheer­aj Starts

You may like this video also

Exit mobile version