മലബാർ മേഖലയിലെ ലോക്കോ പൈലറ്റുമാരുടെ ഏക ആശ്രയമായ കോഴിക്കോട് ക്രൂ ഡിപ്പോ ഘട്ടം ഘട്ടമായി അടച്ച് പൂട്ടാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ആൾ ഇന്ത്യാ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ നേതൃത്വത്തിൽ ലോക്കോ പൈലറ്റുമാരുടെ കുടുംബ ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ അഡ്വ. പി സന്തോഷ് കുമാർ എം പി ഉദ്ഘാടനം ചെയ്തു. റെയിൽവേയെ തകർക്കാനുള്ള നീക്കങ്ങളാണ് കേന്ദ്ര സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായാണ് കോഴിക്കോട് ഡിപ്പോ ഉൾപ്പെടെ ഇല്ലാതാക്കാനുള്ള നീക്കങ്ങളെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരെ സ്ഥലം മാറ്റിയും ഒഴിവുകൾ നികത്താതെയും കോഴിക്കോട് ലോക്കോ പൈലറ്റ് ഡിപ്പോ അടച്ചുപൂട്ടാനാണ് പാലക്കാട് ഡിവിഷണൽ അധികൃതർ നീക്കം നടത്തുന്നത്.
ഇതിന്റെ ആദ്യപടിയായാണ് ജീവനക്കാരെ വെട്ടിക്കുറയ്ക്കലെന്നാണ് ലോക്കോ പൈലറ്റുമാർ വ്യക്തമാക്കുന്നത്. 140 ഓളം ലോക്കോ പൈലറ്റുമാരാണ് ഇതിന് കീഴിലുള്ളത്. വിവിധ ഡിപ്പോകളിൽ നിന്ന് മുപ്പതോളം ലോക്കോ പൈലറ്റുമാർ കോഴിക്കോട്ടേക്ക് സ്ഥലം മാറ്റം കാത്തു നിൽക്കുമ്പോഴാണ് ഏഴു പോസ്റ്റുകൾ ഷൊർണൂരിലേക്ക് മാറ്റിയത്. ഈ പോസ്റ്റിലേക്ക് കോഴിക്കോട് നിന്നും ജീവനക്കാരെ മാറ്റാൻ ഉത്തരവിറക്കുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട്ടുണ്ടായിരുന്ന നാൽപത് ഗുഡ്സ് ലോക്കോ പൈലറ്റുമാരുടെ എണ്ണം 23 ആക്കി കുറക്കുകയും ചെയ്തിട്ടുണ്ട്. പ്രതിഷേധ ധർണ്ണയിൽ കെ എം ദേവദാസൻ അധ്യക്ഷത വഹിച്ചു. സന്തോഷ് കുമാർ, പി കെ നാസർ, പി കെ മുകുന്ദൻ, യു പോക്കർ, സുനീഷ് മാമിയിൽ, പി മാത്യു സിറിയക്ക്, പി കെ ശ്രീജിത്ത്, കെ പി ശൈലേഷ് കുമാർ, പി എ ആന്റോ, കെ സി ജയിംസ്, യു ബാബുരാജൻ തുടങ്ങിയവർ സംസാരിച്ചു.
English Summary: Move to close Kozhikode crew depot: Loco pilots organize family dharna
You may like this video also