Site iconSite icon Janayugom Online

ലക്ഷദ്വീപിൽ ടൂറിസം വികസനമെന്ന പേരിൽ കുടിയിറക്കാൻ നീക്കം

ടൂറിസം വികസനത്തിന്റെ മറവിൽ ദ്വീപു സമൂഹത്തെ കുടിയിറക്കാൻ നീക്കം. ലക്ഷദ്വീപിൽ നടക്കുന്ന വൻകിട ഭൂമി ഏറ്റെടുക്കൽ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. ടൂറിസം വികസനമെന്ന പേരിൽ അഗത്തി, കടമത്ത്, കവരത്തി, ബിത്ര, മിനിക്കോയ് എന്നീ ദ്വീപുകളിലായി ആയിരക്കണക്കിന് നിവാസികളുടെ ഭൂമിയും വീടുകളും തൊഴിലും നഷ്ടമാകുന്ന തരത്തിലുള്ള വൻകിട ഭൂമി ഏറ്റെടുക്കൽ നടപടികളിൽ അസ്വസ്ഥരാണെന്ന് ലക്ഷദ്വീപ് ഷെഡ്യൂൾഡ് ട്രൈബ് വെൽഫെയർ അസോസിയേഷൻ ആരോപിച്ചു.
ജനുവരി 5നും 17നും ഇടയിൽ ടൂറിസം വികസനത്തിന്റെ പേരിൽ, അഗത്തി–കടമത്ത് ദ്വീപുകളിൽ നിന്ന് ഏകദേശം നൂറ് ഏക്കർ (4 ലക്ഷം ചതുരശ്ര മീറ്റർ) ഭൂമി ഏറ്റെടുക്കുന്നതിനായി പരിസ്ഥിതി ആഘാത പഠന വിജ്ഞാപനം ഭരണകൂടം പുറത്തിറക്കിയിരുന്നു. അഗത്തി വിമാനത്താവളത്തിന്റെ വടക്കുഭാഗത്തുള്ള ടൂറിസ്റ്റ് ഹോമുകൾ ഉൾപ്പെടെയുള്ള 70 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നത്. ഇതു നടപ്പായാൽ, ദ്വീപിലെ ടൂറിസം മേഖലയിലെ 75 ശതമാനത്തോളം സ്ഥാപനങ്ങളും മുന്നൂറിലധികം തൊഴിലും ആയിരക്കണക്കിന് തെങ്ങുകളും ഒരിക്കലും തിരികെ ലഭിക്കാത്തവിധം നഷ്ടമാകുമെന്നാണ് വിലയിരുത്തൽ.
വിസ്തീർണം വെറും 2.7 ചതുരശ്ര കിലോമീറ്റർ മാത്രമുള്ള അഗത്തി ദ്വീപിൽ, ഇതിനകം തന്നെ 15 % ഭൂമി സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോൾ വീണ്ടും 100 ഏക്കറോളം ഭൂമി നഷ്ടപ്പെടുന്നതോടെ 8500-ലധികം വരുന്ന ജനസംഖ്യ ഗുരുതരമായ പ്രതിസന്ധിയിലാകും. നൂറിലധികം വീടുകൾ നിലകൊള്ളുന്ന പ്രദേശങ്ങളാണ് ഇപ്പോൾ ഏറ്റെടുക്കൽ പട്ടികയിലുള്ളത്.
ഇതോടൊപ്പം, 2024 ജൂണിൽ ലക്ഷദ്വീപുകളിലെ ജനങ്ങൾ നൂറ്റാണ്ടുകളായി കൈവശം വച്ചും കൃഷി ചെയ്തും താമസിച്ചും വന്ന 2500 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവും ഭരണകൂടം പുറപ്പെടുവിച്ചിരുന്നു. ഇതിൽ 3112 വീടുകളും 900-ലധികം കെട്ടിടങ്ങളും മൂന്ന് ലക്ഷത്തോളം തെങ്ങുകളും ഉൾപ്പെടുന്നു. എന്നാൽ, ലക്ഷദ്വീപ് ലാൻഡ് ടെനൻസി റഗുലേഷൻ പ്രകാരം, പട്ടയമുള്ള ഭൂമി ഏറ്റെടുക്കാൻ അഡ്മിനിസ്ട്രേറ്റർക്കോ കളക്ടർക്കോ അധികാരമില്ലെന്നിരിക്കെ, ഷെഡ്യൂൾഡ് ട്രൈബുകാരായ ദ്വീപുകാരുടെ സ്വത്തുകൾ പുറംകമ്പനികൾക്ക് കൈമാറാനുള്ള നീക്കമാണിതെന്ന് സംഘടന ആരോപിക്കുന്നു.
ബംഗാരത്തിലും തിണ്ണകരയിലും സ്വകാര്യ ടൂറിസം കമ്പനിക്ക് 42,000 ചതുരശ്ര മീറ്റർ ഭൂമി നൽകിയത് നിയമവിരുദ്ധവും പരിസ്ഥിതി ചട്ടങ്ങൾ ലംഘിച്ചുള്ളതുമാണെന്നും ആരോപണമുണ്ട്. കവരത്തി തീരപ്രദേശത്ത് മത്സ്യതൊഴിലാളികളുടെ ഷെഡുകളും അനുബന്ധ കെട്ടിടങ്ങളും പൊളിച്ചുനീക്കി, സിആർഇസഡ്-എൻഡിഇസഡ് ചട്ടങ്ങൾ ലംഘിച്ച് ‘സ്മാർട്ട് സിറ്റി’യുടെ പേരിൽ ടൂറിസ്റ്റ് റിസോർട്ട് നിർമാണം ആരംഭിച്ചതും പ്രതിഷേധങ്ങൾക്ക് ഇടയാക്കി. അഗത്തി വിമാനത്താവളം വടക്കോട്ട് ഒരു മീറ്റർ പോലും നീട്ടരുതെന്ന ജസ്റ്റിസ് രവീന്ദ്രൻ കമ്മിറ്റി ശുപാർശ സുപ്രീം കോടതി അംഗീകരിച്ചിട്ടുണ്ടെങ്കിലും അതിനെ മറികടന്ന് ദ്വീപുകാരുടെ ഭൂമി പിടിച്ചെടുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് ആരോപണം.

Exit mobile version