Site iconSite icon Janayugom Online

എം എസ് സി എൽസ 3 കപ്പൽ അപകടം; ഹൈക്കോടതിയിൽ 1,227 കോടി രൂപ കെട്ടിവെച്ച് കമ്പനി

കപ്പൽ അപകടത്തെത്തുടർന്നുണ്ടായ നഷ്ടപരിഹാരക്കേസിൽ 1,227 കോടി രൂപയുടെ ഗ്യാരന്റി തുക ഹൈക്കോടതിയിൽ കെട്ടിവെച്ച് കപ്പൽ കമ്പനിയായ എം എസ് സി. ഇക്കഴിഞ്ഞ മെയ് മാസത്തിൽ കൊച്ചി പുറംകടലിൽ അപകടത്തിൽപ്പെട്ട ‘എം എസ് സി എൽസ 3′ എന്ന കപ്പലുമായി ബന്ധപ്പെട്ട കേസിലാണ് ഈ നടപടി. തുക കെട്ടിവെച്ചില്ലെങ്കിൽ കമ്പനിയുടെ മറ്റൊരു ഭീമൻ ചരക്കുകപ്പലായ ‘എം എസ് സി അക്വിറ്റേറ്റ‑2’ അറസ്റ്റ് ചെയ്ത് തടഞ്ഞുവെക്കാൻ ഹൈക്കോടതി കർശന നിർദ്ദേശം നൽകിയിരുന്നു. ഇതിനെത്തുടർന്ന് സെപ്റ്റംബർ മുതൽ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടിരിക്കുകയായിരുന്നു അക്വിറ്റേറ്റ. ഗ്യാരന്റി തുക കെട്ടിവെച്ചതോടെ വിഴിഞ്ഞത്തുള്ള കപ്പലിന്റെ അറസ്റ്റ് നടപടികളിൽ ഇളവ് ലഭിക്കാൻ സാധ്യതയുണ്ട്.

മെയ് മാസത്തിലുണ്ടായ അപകടത്തിൽ 600 ഓളം കണ്ടെയ്‌നറുകൾ വഹിച്ചിരുന്ന എൽസ‑3 കപ്പൽ മറിയുകയും അതിലുണ്ടായിരുന്ന രാസമാലിന്യങ്ങൾ അടങ്ങിയ കണ്ടെയ്‌നറുകൾ കടലിൽ ഒഴുകി നടന്ന് തീരങ്ങളിൽ അടിയുകയും ചെയ്തിരുന്നു. ഇത് വലിയ പരിസ്ഥിതി ആഘാതത്തിന് കാരണമായെന്ന് ചൂണ്ടിക്കാട്ടിയാണ് നഷ്ടപരിഹാരക്കേസ് തുടരുന്നത്.

Exit mobile version