കൈവെച്ച മേഖലകളെല്ലാം പൊന്നാക്കിയ എം ടി വാസുദേവൻ നായർക്ക് കണ്ണീർ ചിതയൊരുക്കി അക്ഷര ലോകം. വൈകിട്ട് അഞ്ച് മണിയോടെ സ്മൃതിപഥത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ. വസതിയായ സിതാരയിൽ നിന്നും വിലാപ യാത്രയായിട്ടാണ് മൃതദേഹം സ്മൃതിപഥത്തിലെത്തിച്ചത്. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ മാവൂർ റോഡിലെ ശ്മശാനമായ സ്മൃതിപഥത്തിൽ എംടിയുടെ സഹോദരപുത്രൻ ടി സതീശനാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്.
മന്ത്രിമാരായ മുഹമ്മദ് റിയാസ്, എം.ബി.രാജേഷ്, എ.എ.റഹിം, എംഎൽഎമാരായ രാഹുൽ മാങ്കൂട്ടത്തിൽ, ടി.സിദ്ദീഖ്, കോഴിക്കോട് മേയർ ബീനാ ഫിലിപ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. എം ടിയുടെ ആഗ്രഹപ്രകാരം പൊതുദർശനം ഒഴിവാക്കിയിരുന്നു. വീട്ടിലെത്തിയാണ് ആളുകൾ എം ടിയെ അവസാനമായി ഒരുനോക്ക് കണ്ടത്. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച എം ടിയുടെ വിയോഗ വാർത്തയറിഞ്ഞ് നിരവധി പേർ ആശുപത്രി പരിസരത്തും എത്തിയിരുന്നു.