Site iconSite icon Janayugom Online

എംടിയുടെ വിയോഗം നികത്താനാവാത്ത നഷ്ടം; അനുസ്‌മരിച്ച് ടി പത്മനാഭൻ

എംടിയുടെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്ന് അനുസ്‌മരിച്ച് ടി പത്മനാഭൻ. വിതുമ്പിക്കൊണ്ടായിരുന്നു ടി പത്മനാഭന്റെ പ്രതികരണം.‘ഒരാള്‍ മരിച്ചാല്‍ ആര്‍ക്കും ദുഃഖമുണ്ടാവില്ലേ. എനിക്കും ദുഃഖമുണ്ട്. വളരെ കാലത്തെ പരിചയമാണ്. 1950 മുതലുള്ള പരിചയമാണ്. 75 കൊല്ലമായില്ലേ. ധാരാളം അനുഭവങ്ങളുണ്ട്. നല്ലതും ചീത്തയുമായ… സമ്മിശ്ര അനുഭവങ്ങളാണ്. 

അദ്ദേഹം കഴിഞ്ഞ ഒന്നു രണ്ട് ആഴ്ചയായി പ്രായാധിക്യത്തിന്റെ വിഷമങ്ങളായി ബുദ്ധിമുട്ടുകയായിരുന്നു. എനിക്ക് പോകാനോ കാണാനോ കഴിഞ്ഞിട്ടില്ല. ഒരു വീഴ്ചയുണ്ടായതിനാല്‍ മൂന്നാഴ്ചയായി ചികിത്സയിലാണ്. അല്ലെങ്കില്‍ കൃത്യമായി എം ടിയെ കാണാന്‍ പോകുമായിരുന്നു. ഏറ്റവുമൊടുവില്‍ കണ്ടത് രണ്ട് വര്‍ഷം മുമ്പാണ് തിരുവനന്തപുരത്തുവെച്ച്. അദ്ദേഹത്തിനും എനിക്കും വിഷമമുണ്ട്. അന്ത്യം ഇത്രയും വേഗത്തില്‍ വരുമെന്ന് വിചാരിച്ചില്ല. എന്നെപ്പോലെയല്ല അദ്ദേഹം. ഞാന്‍ ചെറിയ മേഖലയില്‍ ഒതുങ്ങികൂടിയവനാ. എം ടി അങ്ങനെയല്ല. കഥകളെഴുതി, നോവല്‍ എഴുതി, നാടകം, സിനിമാ തിരക്കഥ, സംവിധാനം എന്നിവ നിർവഹിച്ചു. അദ്ദേഹത്തിന്റെ ലോകം വളരെ വിശാലമാണെന്നും ടി പത്മനാഭൻ പറഞ്ഞു.

Exit mobile version