Site iconSite icon Janayugom Online

പന്ത്രണ്ടാം ക്ലാസിലെ ചരിത്ര പുസ്തകത്തില്‍ നിന്നും മുഗള്‍ഭരണ അധ്യായം കേന്ദ്രം ഒഴിവാക്കി

പന്ത്രണ്ടാം ക്ലാസിലെ ചരിത്ര പുസ്തകത്തില്‍ നിന്നും മുഗള്‍ സാമ്രാജ്യത്തെക്കുറിച്ചുള്ള അധ്യായങ്ങള്‍ ഒഴിവാക്കി എന്‍സിഇആര്‍ടി. 2023- 24 വര്‍ഷത്തെ പുതുക്കിയ പാഠ്യപദ്ധതിയില്‍ രാജാക്കന്മാരും ദിനവൃത്താന്തങ്ങളും എന്ന വിഷയവുമായി ബന്ധപ്പെട്ട അധ്യായങ്ങളും വിഷയങ്ങളുമാണ് എന്‍സിഇആര്‍ടി നീക്കംചെയ്തത്. ചരിത്രം മാറ്റിയെഴുതുന്ന സംഘപരിവാര്‍ നയത്തിന്റെ ഭാഗമായാണ് മാറ്റങ്ങള്‍. എന്‍സിഇആര്‍ടി സിലബസ് പിന്തുടരുന്ന എല്ലാ സംസ്ഥാന ബോര്‍ഡുകളുടെയും സിലബസില്‍ ഇനി മുതല്‍ മാറ്റമുണ്ടാകും.

ചരിത്രത്തിനൊപ്പം 12-ാം ക്ലാസിലെ സിവിക്സ് പുസ്തകവും പരിഷ്‌കരിച്ചിട്ടുണ്ട്. സിവിക്സ് പുസ്തകത്തിലെ ലോക രാഷ്ട്രീയത്തിലെ യുഎസ് മേധാവിത്വം, ശീതയുദ്ധ കാലഘട്ടം തുടങ്ങിയ അധ്യായങ്ങളാണ് നീക്കം ചെയ്തത്. പന്ത്രണ്ടാം ക്ലാസിലെ സ്വാതന്ത്ര്യാനന്തര രാഷ്ട്രീയം എന്ന പാഠപുസ്തകത്തില്‍ നിന്ന് ജനകീയ പ്രസ്ഥാനങ്ങളുടെ ഉദയം, ഒറ്റകക്ഷി രാഷ്ട്രീയ കാലഘട്ടം എന്നീ അധ്യായങ്ങളും ഒഴിവാക്കിയിട്ടുണ്ട്. ഹിന്ദി പാഠപുസ്തകത്തില്‍ നിന്നും ഏതാനും പദ്യങ്ങളും അധ്യായ ഭാഗങ്ങളും നീക്കം ചെയ്തു.

പന്ത്രണ്ടാം ക്ലാസിനൊപ്പം എന്‍സിഇആര്‍ടി 10, 11 ക്ലാസുകളിലെ പാഠ്യപദ്ധതിയും പരിഷ്‌കരിച്ചിട്ടുണ്ട്. പത്താം ക്ലാസിലെ ഡെമോക്രാറ്റിക് പൊളിറ്റിക്സ് പാഠപുസ്തകത്തില്‍ നിന്ന് ജനാധിപത്യവും വൈവിധ്യവും, ജനകീയ സമരങ്ങളും പ്രസ്ഥാനവും, ജനാധിപത്യത്തിനെതിരായ വെല്ലുവിളികള്‍ എന്നീ വിഷയങ്ങള്‍ ഒഴിവാക്കി.

 

Eng­lish Sam­mury: Cen­ter has removed the chap­ter on Mughal Empire Peri­od from the Class 12th his­to­ry book

 

Exit mobile version