Site iconSite icon Janayugom Online

തട്ടിക്കൊണ്ടുപോയത് കൊടുവള്ളി സ്വദേശി സാലിയുടെ നേതൃത്വത്തിലുള്ള സംഘമെന്ന് മുഹമ്മദ് ഷാഫി

തട്ടിക്കൊണ്ടുപോയത് കൊടുവള്ളി സ്വദേശി സാലിയുടെ നേതൃത്വത്തിലുള്ള സംഘമാണെന്ന് പ്രവാസി യുവാവ് മൂഹമ്മദ് ഷാഫി. സംഭവത്തില്‍ അന്വേഷണം നടത്തുന്ന പൊലീസ് സംഘത്തിന് മുന്നിലും ഇതേ മൊഴിയാണ് ഷാഫി ആവര്‍ത്തിച്ചിരിക്കുന്നത്. ഷാഫിയെ കാണാതായതിന് പിന്നാലെ തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി സാലി രംഗത്ത്എത്തിയിരുന്നു. നിലവില്‍ ഇയാള്‍ ദുബൈലാണ്.

അതേ സമയം ക്വട്ടേഷന്‍ സംഘം കഴിഞ്ഞദിവസം മോചിപ്പിച്ച ഷാഫിയെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും.സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടുപോകലിന് പ്രധാന കാരണമെങ്കിലും ഇതിന് പിന്നില്‍ സ്വര്‍ണക്കടത്ത്, ഹവാലാ ബന്ധമുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. തടവിലായിരിക്കെ ഷാഫി പുറത്തുവിട്ട വീഡിയോയുടെ നിജസ്ഥിതിയെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ഏപ്രില്‍ ഏഴാംതീയതി വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയ ഷാഫിയെ കഴിഞ്ഞദിവസമാണ് ക്വട്ടേഷന്‍സംഘം മോചിപ്പിച്ചത്. കര്‍ണാടകയിലെ രഹസ്യകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന യുവാവിനെ ക്വട്ടേഷന്‍സംഘം മൈസൂരുവിലേക്ക് ബസ് കയറ്റിവിടുകയായിരുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ മൈസൂരുവിലെത്തിയ മുഹമ്മദ് ഷാഫിയെ ബന്ധുക്കള്‍ അവിടെയെത്തി നാട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. രാവിലെ പത്തുമണിയോടെ താമരശ്ശേരിയിലെത്തി. ഡിവൈഎസ.പി. അഷ്റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഷാഫിയുടെ മൊഴിയെടുത്തു. പിന്നീട് താമരശ്ശേരിയിലെ ബന്ധുവീട്ടിലേക്ക്‌പോയ ഷാഫിയെ വൈകീട്ടോടെ വടകരയിലുള്ള കോഴിക്കോട് റൂറല്‍ എസ്പി. ഓഫീസിലേക്ക് വിളിച്ചുവരുത്തി വിശദമായ മൊഴി രേഖപ്പെടുത്തി.

തിങ്കളാഴ്ച രാത്രി പത്തരയോടെ താമരശ്ശേരി ജെഎഫ്സിഎം കോടതി മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി ബന്ധുക്കള്‍ക്കൊപ്പം വിട്ടു. ഏപ്രില്‍ ഏഴിന് രാത്രി ഒമ്പതേപത്തിനാണ് നാലംഗസംഘം മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോയത്. 325 കിലോ സ്വര്‍ണം താനും സഹോദരനും ചേര്‍ന്ന് കടത്തിക്കൊണ്ടുവന്നതിന്റെ പേരിലാണ് തട്ടിക്കൊണ്ടുപോകലെന്ന് വെളിപ്പെടുത്തിയുള്ള വീഡിയോ സന്ദേശവും മറ്റൊരു ഓഡിയോ സന്ദേശവും കഴിഞ്ഞദിവസം ഷാഫിയുടേതായി പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് മോചനം.

അന്വേഷണം തങ്ങളിലേക്കെത്തുമെന്ന ഘട്ടമായപ്പോഴാണ് ക്വട്ടേഷന്‍സംഘം ഷാഫിയെ വിട്ടയച്ചതെന്നാണ് അന്വേഷണസംഘം പറയുന്നത്.ഷാഫിയെ തട്ടിക്കൊണ്ടുപോയ കാറും കേസിലുള്‍പ്പെട്ട നാലുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ നാലുപേരുടെയും അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. തട്ടിക്കൊണ്ടുപോയ സംഘവുമായി ബന്ധമുള്ള മൂന്നു യുവാക്കളെയും സംഘത്തിന് കാര്‍ വാടകയ്ക്ക് കൈമാറിയ വ്യക്തിയെയുമാണ് അറസ്റ്റുചെയ്തത്. കര്‍ണാടക ദക്ഷിണ കന്നഡ കല്യാണ സ്വദേശികളായ മണ്ടിയൂര്‍ മുഹമ്മദ് നൗഷാദ് മണ്ടിയൂര്‍ ഇസ്മയില്‍ ആസിഫ് ഗോളികെട്ടെ അബ്ദുള്‍ റഹിമാന്‍ , കാസര്‍കോട് ചന്ദ്രഗിരി ചെമ്പരിക്ക ഉസ്മാന്‍ മന്‍സിലില്‍ സി എ ഹുസൈന്‍ എന്നിവരെയാണ് അറസ്റ്റുചെയ്തത്.

Eng­lish Sum­ma­ry: Muham­mad Shafi said that the abduc­tor was led by a group led by Sal­ly, a native of Koduvalli

You may also like this video:

Exit mobile version