Site iconSite icon Janayugom Online

മുകുന്ദന്റെ ‘പാരിസിന്’ ഇനി ഗോപികയുടെ വരകൾ മിഴിവേകും

mukundanmukundan

‘ബസ് യാത്ര അവൾക്ക് പാരിസ് കാഴ്ചകൾ നൽകി. ഏഫൽ ഗോപുരത്തിന്റെ നനഞ്ഞ മുന ഇരുണ്ട ആകാശത്തിൽ പോറലുകളുണ്ടാക്കി. ഇഷ്ടിക വിരിച്ച നടപ്പാതയിലൂടെ കഫേകൾ ഉണർന്നു തുടങ്ങിയിരുന്നു. മേശയിന്മേലെ വൈൻ കുപ്പികൾ ബസിലിരുന്നു തന്നെ അവൾക്കു കാണാമായിരുന്നു. റോഡരികിൽ ഏറ്റവും കൂടുതൽ കണ്ടത് വൈൻ കുപ്പികൾ നിരത്തി വച്ച കഫേകളും പൂവ് വില്പനയ്ക്കാരെയുമാണ്…’ എം മുകുന്ദന്റെ പാരിസ് എന്ന നോവലിലെ ഈ ഭാഗം വായിച്ചപ്പോൾ കൊല്ലം എസ്എന്‍ ട്രസ്റ്റ് സെന്‍ട്രല്‍ സ്കൂളിലെ പത്താം ക്ലാസുകാരി ഗോപികാ കണ്ണന് മനസിലേക്ക് പാരിസിലെ തെരുവ് നിറഞ്ഞു നിന്നു. പിന്നെ ബ്രഷ് കയ്യിലെടുത്തു. ഒരിക്കലും കാണാത്ത ചിത്രകാരന്മാരുടെ, കലാകാരന്മാരുടെ പാരിസിനെ വരച്ചു തുടങ്ങി. ഒന്നല്ല പതിനാലു ജീവൻ തുടിക്കുന്ന ചിത്രങ്ങളാണ് ഗോപികയുടെ പോയിന്റ് ബ്രഷിൽ പിറന്നത്. 

ചിത്രകാരനും ഗോപികയുടെ ചിത്രകലാ അധ്യാപകനുമായ ആശ്രാമം സന്തോഷ് പാരിസിന്റെ പ്രസാധകനായ കൊല്ലം സൈന്ധവ ബുക്സിന്റെ ഉടമ കെ ജി അജിത് കുമാറിന്റെ ശ്രദ്ധയിൽ ചിത്രങ്ങൾ കൊണ്ടുവന്നു. ഇതോടെ പാരിസിന്റെ നാലാം പതിപ്പിന് ഗോപികാ കണ്ണന്റെ ചിത്രങ്ങൾ ഉൾപ്പെടുത്താൻ പ്രസാധകൻ തീരുമാനിച്ചു. അതാകട്ടെ പ്രശസ്തനായ ഒരു എഴുത്തുകാരന്റെ നോവലിന് ഏറ്റവും പ്രായം കുറഞ്ഞ ഒരു ചിത്രകാരി ചിത്രീകരണം നടത്തുക എന്ന മറ്റൊരു ചരിത്രത്തിലേക്കുള്ള വാതിൽ തുറന്നിടലായി. 

കഴിഞ്ഞ ഫെബ്രുവരി ഒമ്പതിന് മയ്യഴിപ്പുഴയുടെ തീരങ്ങൾ എന്ന നോവലിന്റെ 50-ാം വാർഷികം കൊല്ലത്ത് ആഘോഷിച്ചപ്പോൾ വെള്ളിയാംകല്ലിനെ വരച്ച് ഗോപികാ കണ്ണൻ നോവലിസ്റ്റിന് സമ്മാനിച്ചിരുന്നു. മയ്യഴിയുടെ കഥ ഗോപികയ്ക്ക് പറഞ്ഞു കൊടുത്തത് സഹോദരി പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായ മീനാക്ഷി കണ്ണനാണ്. അന്ന് തുടങ്ങിയതാണ് മുകുന്ദനോടുള്ള ഇഷ്ടം. അങ്ങനെയാണ് പാരിസ് വായിക്കുന്നതും ചിത്രങ്ങൾ വരച്ചതും.
ചെറിയ പ്രായത്തിൽ തന്നെ ചിത്രകലയോട് വല്ലാത്തൊരിഷ്ടം ഗോപികയ്ക്കുണ്ടായിരുന്നു. മാതാപിതാക്കൾ അതിനെ പ്രോത്സാഹിപ്പിച്ചു. ജീവൻ തുടിക്കുന്ന ചിത്രങ്ങൾ ഗോപികയുടെ ബ്രഷിൽ നിന്ന് പിറന്നു. കൊല്ലത്ത് നടന്ന സംസ്ഥാന യുവജനോത്സവ പ്രധാനവേദിയിലെ മൺമറഞ്ഞ എഴുത്തുകാരെയും കലാകാരന്മാരെയും ഉൾപ്പെടുത്തി ചെയ്ത ഇൻസ്റ്റലേഷൻ എല്ലാവരെയും ആകർഷിച്ചിരുന്നു. കുടങ്ങളിൽ തീർത്ത അതിലെ ചിത്രങ്ങൾ വരച്ചത് ഗോപികാ കണ്ണനായിരുന്നു.
2021ൽ തിരുവനന്തപുരം മ്യൂസിയം സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ചിത്രകഥാമേക്കിങ്ങിൽ ഫൈൻ ആർട്സ് കോളജിലെ വിദ്യാർത്ഥികളോട് മത്സരിച്ച് ഹൈസ്ക്കൂൾ വിദ്യാർത്ഥിയായ ഗോപിക ഒന്നാം സ്ഥാനത്തെത്തി. വനം വന്യജീവി വകുപ്പ് സംസ്ഥാന തലത്തിൽ നടത്തിയ ചിത്രരചനാ മത്സരത്തിൽ ഒന്നാം സ്ഥാനവും തിരുവനന്തപുരം അമ്യൂസിയം ആർട്ട് സയൻസ് അന്താരാഷ്ട്ര തലത്തിൽ നടത്തിയ മത്സരത്തിൽ രണ്ടാം സ്ഥാനവും ഗോപിക നേടി. ചെറുതും വലുതുമായ അഞ്ഞൂറോളം പുരസ്കാരങ്ങളാണ് ഈ കൊച്ചു കലാകാരിയെ തേടിയെത്തിയത്. 

കൊല്ലം ജില്ലാ ലൈബ്രറി കൗൺസിലിന്റെ പ്രൊഫ. ആദിനാട് ഗോപി പുരസ്കാരം സ്വീകരിക്കാൻ എം മുകുന്ദൻ ഇന്ന് കൊല്ലത്ത് എത്തുന്നുണ്ട്. ചടങ്ങിൽ ഗോപികാ കണ്ണനെയും ആദരിക്കും. 

Eng­lish Sum­ma­ry: Mukun­dan’s ‘Paris’ will now shine with Gopika’s lines

You may also like this video

Exit mobile version