‘വേദിയില്‍ പാടിക്കൊണ്ടിരിക്കുമ്പോള്‍ മരിച്ചുവീഴണം. ഇതില്പരം ഒരു സൗഭാഗ്യമുണ്ടോ എന്റെ ഐസക്കേ’. ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ മരണം എന്ന സൗഭാഗ്യം സ്വപ്നം കണ്ട ഗാനങ്ങളുടെ തമ്പുരാന്‍ ഇടവാബഷീര്‍ പ്രശസ്തഗായകനായ ഡയമണ്ട് ഐസക്കിനോടു പറഞ്ഞ വാക്കുകള്‍. അദ്ദേഹത്തിന്റെ മോഹം എണ്‍പതാം വയസില്‍ ശനിയാഴ്ച രാത്രി ബ്ലൂ ഡയമണ്ട്സിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ വേദിയില്‍ത്തന്നെ പൂവണിഞ്ഞു. ആയിരങ്ങളെ സാക്ഷിയാക്കി, സ്തബ്ധരാക്കി പാടിക്കൊണ്ടിരിക്കുമ്പോള്‍ത്തന്നെ കുഴഞ്ഞുവീണു മരിച്ചു. കലയോടുള്ള അദമ്യമായ സ്നേഹത്തിന്റെ വിളംബരമായ വേര്‍പാട്. മൂന്ന് പതിറ്റാണ്ടുകള്‍ക്കു മുമ്പാണ്, ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ സ്വാതിതിരുനാള്‍ മഹാരാജാവിനുള്ള സംഗീതാര്‍ച്ചനയായി നവരാത്രി സംഗീതോത്സവം നടക്കുന്നു. പരമ്പരാഗതമായി ശ്രീപത്മനാഭനെ തുയിലുണര്‍ത്താനും പാടിയുറക്കാനും തിരുവിതാംകൂര്‍ രാജകുടുംബം നിയോഗിച്ച മുല്ലമൂടു ഭാഗവതര്‍മാരായിരിക്കണം നവരാത്രി സംഗീതോത്സവത്തെ ഇടമുറിയാതെ കാക്കേണ്ടത്. അവരിലൊരാള്‍ വെെകിട്ട് സംഗീതോത്സവം തുടങ്ങുന്നതുവരെ സ്വാതിതിരുനാള്‍ സംഗീത സഭാ ഹാളില്‍ തംബുരു മീട്ടിക്കൊണ്ടിരിക്കണം. അന്ന് ഉച്ചയ്ക്ക് ഒന്നര മണിയായപ്പോള്‍ അദ്ദേഹത്തിന്റെ വിരലുകള്‍ തംബുരുവിന്റെ തന്ത്രിയില്‍ നിന്നകന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ തംബുരു മാറോടു ചേര്‍ത്ത് കുഴഞ്ഞുവീണ് അന്ത്യശ്വാസം വലിച്ചു. സദസില്‍ രണ്ടോ മൂന്നോ പേര്‍ മാത്രം. അവരിലൊരാള്‍ ‘മനോരമ’യുടെ ഫോട്ടോ എഡിറ്ററായി വിരമിച്ച ബി ജയചന്ദ്രന്‍, വേദിയില്‍ പിടഞ്ഞുമരിച്ച മുല്ലമൂടു ഭാഗവതരുടെ ചിത്രം പിന്നീട് വിഖ്യാതമായി. ഇടവാബഷീറിന്റേതിനു സമാനമായ അന്ത്യയാത്ര. കഴിഞ്ഞമാസം കോട്ടയത്തും സമാന വേര്‍പാടുണ്ടായി. സുഹൃത്തിന്റെ വിവാഹച്ചടങ്ങിലെ ഗാനമേളയ്ക്കിടെ കുഴഞ്ഞുവീണു മരിച്ചത് കൊല്ലം ശരത്. സംഗീതത്തിന്റെ അപ്സരസായ എസ് ജാനകിയുടെ ശബ്ദം അനുകരിച്ച് അവരുടെ ഗാനങ്ങള്‍ ആലപിക്കുന്നതിലൂടെ ശ്രദ്ധേയനായ ശരത്. നാദമണ്ഡലത്തിലെ ഈ ജീവാര്‍പ്പണങ്ങള്‍ക്ക് അന്ത്യോദകം.
ഇതുകൂടി വായിക്കൂ: വാവയെ വിളിക്കൂ,അനന്തപുരിയെ രക്ഷിക്കൂ!
വയസാകുമ്പോള്‍ ചിലര്‍ക്കു ചിലതെല്ലാം തോന്നിപ്പോകും. വാര്‍ധക്യത്തിലെ വീണ്ടുവിചാരമില്ലായ്മ എന്നു നമുക്കതിനെ വിളിക്കാം. ഉത്തരാഖണ്ഡില്‍ ഡെറാഡൂണിലെ ഒരു മുത്തശ്ശിക്ക് ഇത്തരം ഒരക്കിടിപറ്റി. 78കാരിയായ പുഷ്പാ മൂഞ്ജിയാല്‍ തന്റെ അരക്കോടിയുടെ വസ്തുവകകളും അളവറ്റ സ്വര്‍ണവും രാഹുല്‍ഗാന്ധിക്കു വില്പത്രമെഴുതി സമ്മാനിച്ചു. ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വന്‍പട തന്നെയുണ്ടായിരുന്നു. ചടങ്ങില്‍ വച്ച് മുത്തശ്ശി മൂഞ്ജിയാല്‍ പിറുപിറുത്തു. രാജ്യത്തിന് എന്തെങ്കിലും ചെയ്യാന്‍ രാഹുലിനു മാത്രമെ കഴിയൂവെന്ന്! പാവമറിയുന്നുണ്ടോ ഈ വസ്തുവകകളും പണവും പണ്ടവുമെല്ലാം രാഹുല്‍ മോന്‍ വിറ്റുതുലച്ച് വിദേശത്തുപോയി പുളിശേരി കുടിക്കുമെന്ന്. ഇതിനെല്ലാമിടയില്‍ മറ്റൊരു പുളിശേരി പ്രിയയുടെ കഥകൂടി പുറത്തുവരുന്നു. ഓര്‍മ്മയില്ലേ ജിഷയെ. അസംകാരനായ അതിഥി തൊഴിലാളി മൃഗീയമായി ബലാത്സംഗം ചെയ്തു കൊന്ന നിയമവിദ്യാര്‍ത്ഥിനി. അമ്മ രാജേശ്വരിയുടെ കദനകഥ കേട്ട ഹൃദയാലുക്കളായ മലയാളികള്‍ അരക്കോടിയോളം രൂപ സംഭാവന നല്കി. അടച്ചുറപ്പില്ലാത്ത ഒറ്റമുറി ഓലപ്പുരയില്‍ കഴിഞ്ഞിരുന്ന രാജേശ്വരിക്ക് ലക്ഷങ്ങളുടെ വീടായി. വന്‍ ബാങ്ക് നിക്ഷേപമായി. സര്‍ക്കാര്‍ പ്രതിമാസം അയ്യായിരം രൂപ പെന്‍ഷനും നല്കി. എല്ലാം ഒത്തുവന്നപ്പോള്‍ ഭര്‍ത്താവിനെ ഔട്ടാക്കി. ഇപ്പോള്‍ രാജേശ്വരി പറയുന്നത് കാശൊക്കെ തീര്‍ന്നെന്നും കൊടും പട്ടിണിയിലാണെന്നും. പട്ടിണി മാറ്റാന്‍ ഒരു മാര്‍ഗവും മുന്നോട്ടുവയ്ക്കുന്നു. മോഹന്‍ലാലും മമ്മൂട്ടിയും തന്നെ വന്നു കാണണമെന്നും തന്നെ നായികയാക്കി ഒരു സിനിമ നിര്‍മ്മിക്കണമെന്നും. രാജേശ്വരിയുടെ പുതിയ പുളിശേരി കുടി തന്ത്രമെങ്ങനെയുണ്ട്.
മിനിഞ്ഞാന്നായിരുന്നു രാഷ്ട്രീയനേതാവും ധിഷണാശാലിയും എഴുത്തുകാരനുമൊക്കെയായിരുന്ന എം പി വീരേന്ദ്രകുമാറിന്റെ രണ്ടാം ചരമവാര്‍ഷികം. ഇതിനിടെയാണ് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ സാഗരഗര്‍ജനമായിരുന്ന സുകുമാര്‍ അഴീക്കോടിനെ ഓര്‍ത്തുപോയത്. വീരേന്ദ്രകുമാറും അഴീക്കോടും തമ്മിലുള്ള സംവാദങ്ങള്‍ അന്ന് മലയാളിയുടെ ചിന്താമണ്ഡലത്തെ ഇളക്കിമറിച്ചു. ഉപനിഷത്തുകളുടെ കോപ്പിയടിയാണ് അഴീക്കോടിന്റെ കൃതികളെന്ന് വീരന്‍ ആക്ഷേപിച്ചു. അഴീക്കോടല്ലേ മൊതല്. അദ്ദേഹം പറഞ്ഞു; ‘പത്മപ്രഭാ ഗൗണ്ടറുടെ മകനാണ് വീരേന്ദ്രകുമാറെന്ന് അദ്ദേഹവും നാട്ടാരും പറയുന്നു. ഞാനും അങ്ങനെ പറയുന്നു. അതെങ്ങനെ കോപ്പിയടിയാകും.’ അതിനുശേഷം മരിക്കുന്നതുവരെ വീരന്‍ അഴീക്കോടിനെ ചൊറിയാന്‍ പോയിട്ടില്ല. പിന്നെയൊരിക്കല്‍ അഴീക്കോടു പറഞ്ഞത് ഓര്‍മ്മവച്ച നാള്‍ മുതല്‍ കോണ്‍ഗ്രസുകാരനായ തനിക്ക് കോണ്‍ഗ്രസുകാരനായിത്തന്നെ മരിക്കണമെന്നാണ് മോഹം. പക്ഷെ എന്തു ചെയ്യാന്‍ ഞാന്‍ മരിക്കുന്നതിനു മുമ്പുതന്നെ കോണ്‍ഗ്രസ് മരിച്ചുപോയല്ലൊ. അഴീക്കോട് ജീവിച്ചിരുന്നുവെങ്കില്‍ മൂഞ്ജിയാല്‍ മുത്തശ്ശി രാഹുലിന് ഒസ്യത്ത് എഴുതിവച്ചതിനെക്കുറിച്ച് പറയുന്നതു കേള്‍ക്കാന്‍ എന്തുരസമായിരുന്നു. ജഡത്തിനും ഒസ്യത്തോ എന്ന് അദ്ദേഹം അത്ഭുതം കൂറുമായിരുന്നേക്കാം.
ഇതുകൂടി വായിക്കൂ: വിരഹിയായ ഊർമ്മിള
പണ്ടൊരിക്കല്‍ മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാര്‍ ചോദിച്ചത് ഭഗവാനെന്തിനാ പാറാവെന്നായിരുന്നു. ഏറ്റുമാനൂര്‍ അമ്പലത്തിലെ ഏഴരപ്പൊന്നാന നെയ്യാറ്റിന്‍കരയിലെ കള്ളന്‍ സൈമണ്‍ കട്ടപ്പോള്‍ അമ്പലത്തില്‍ പാറാവുകാരില്ലെന്ന വിമര്‍ശനമായിരുന്നു നായനാരുടെ പ്രതികരണം. പക്ഷേ ഭഗവാനും വേണം എ കെ 47 തോക്കുധാരികളുടെ പാറാവെന്ന് ബോധ്യമായിരിക്കുന്നു. മരപ്പൊട്ടന്മാരായ നമ്മള്‍ ഭഗവാനു കാണിക്കയര്‍പ്പിക്കുന്ന പൊന്നും പണവും വജ്രകിരീടവുമൊക്കെ എങ്ങോട്ടു പോകുന്നുവെന്നറിയാന്‍ ഭക്തന്മാര്‍ക്ക് അവകാശമില്ല. മഹാക്ഷേത്രമായ തിരുപ്പതി ശ്രീവെങ്കിടാചലപതിയുടെ ഒരു പൂജാരിയുടെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. പിടിച്ചെടുത്തത് 128 കിലോ സ്വര്‍ണം, 150 കോടിയുടെ പണം, 70 കോടിയുടെ വജ്രാഭരണങ്ങളും കിരീടങ്ങളും. തിരുപ്പതിക്ഷേത്രത്തിലെ 16 പൂജാരിമാരുടെയും വീടുകളില്‍ റെയ്ഡ് നടത്തിയാല്‍ രാജ്യത്തെ ഒരു വര്‍ഷത്തെ ചെലവിനാവശ്യമായ ധനം സ്വരൂപിക്കാമായിരുന്നുവത്രേ. അവിടെയാണ് നായനാരുമായി തെറ്റുന്നത്. ഭഗവാനും വേണം പാറാവ്!
‘ഒരു കുട്ട പൊന്നുതരാം പൊന്നാലുള്ളൊരു മിന്നുംതരാം, പെണ്ണിനെത്തരുമോ നാത്തൂനേ’ എന്നൊരു പഴയ നാടന്‍ പാട്ടുണ്ട്. നമ്മുടെ മെട്രോമാന്‍ ശ്രീധരന്റെ സന്തതിയായ കൊച്ചി മെട്രോ കടക്കടലില്‍ കിടന്നു കൈകാലിട്ടടിക്കുന്ന അഞ്ച് വയസുള്ള ശിശുവാണിപ്പോള്‍, മെട്രോയെ രക്ഷിക്കാന്‍ നടത്തുന്ന പരിപാടികള്‍ കേട്ടാല്‍ ചിരിച്ചു മണ്ണുകപ്പും. മെട്രോയുടെ സഞ്ചാരപഥത്തിനടുത്ത പ്രദേശങ്ങളില്‍ വ്യാപകമായ ആഫ്രിക്കന്‍ ഒച്ചു ശല്യം. ഒരു കൊട്ട ഒച്ചിനെ പിടിച്ചുകൊണ്ടുവന്നാല്‍ ഒരു ദിവസം മെട്രോയില്‍ സൗജന്യ സവാരി. പ്രതിദിനം ഒരു കോടിയുടെ നഷ്ടത്തില്‍ കിതയ്ക്കുന്ന, അല്ലെങ്കില്‍ മെട്രോമാന്‍ കിതപ്പിക്കുന്ന മെട്രോയെ രക്ഷിക്കാന്‍ എന്തെല്ലാം വഴികള്‍. മെട്രോയുടേത് ഒച്ചുതന്ത്രമെങ്കില്‍ ആലപ്പുഴയിലെ ഹോമിയോ മരുന്നു നിര്‍മ്മാതാക്കളായ ഹോം കോയുടേത് പാറ്റാതന്ത്രം. ഒരു കിലോ പാറ്റയെ പിടിച്ച് ഉണക്കി റെഡിയാക്കിക്കൊണ്ടുവന്നാല്‍ ആയിരം രൂപ വില രൊക്കം. പക്ഷേ അത് കേരളത്തിലെ പാറ്റ പോര. ബ്ലാറ്റാ ഓറിയന്റലിസ് എന്ന ജനുസില്‍പ്പെട്ട അന്യ സംസ്ഥാന പാറ്റ തന്നെ വേണം. എങ്കിലേ ഹോമിയോ മരുന്ന് ഒറിജിനലാവൂ. അന്യ സംസ്ഥാനത്തൊഴിലാളികളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന നമുക്ക് ഇനി അന്യ സംസ്ഥാന പാറ്റകളും വേണം. നടക്കാതെ പോകുന്ന സ്വപ്നം കാട്ടി ഞങ്ങളെ വലയ്ക്കല്ലേ സാറന്മാരേ’