Site icon Janayugom Online

മുല്ലപ്പെരിയാർ: ആശങ്കയ്ക്ക് സാഹചര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ, തമിഴ്നാട് ചീഫ് എൻജിനീയർ ഇന്ന് തേക്കടിയിലെത്തും

mullapperiyar

മുല്ലപ്പെരിയാറിൽ നിന്ന് 7000 ഘന അടി ജലം വരെ തുറന്നു വിട്ടാൽ പോലും സുരക്ഷിതമായി തുടരുന്നതിനുള്ള ക്രമീകരണമാണ് ജില്ലയിൽ ഏർപ്പെടുത്തിയിട്ടുള്ളതെന്ന് കൃഷി മന്ത്രിയ്ക്കൊപ്പം മുല്ലപ്പെരിയാർ സർശിച്ച ശേഷം ജല വിഭവ മന്ത്രി റോഷി അഗസ്റ്റിൻ തേക്കടി കെടിഡിസി ആരണ്യ നിവാസിൽ മാധ്യമങ്ങളോട് പറഞ്ഞു. 2974 ഘന അടി ജലമാണ് ഇപ്പോൾ സ്പിൽവേയിലൂടെ ഒഴുക്കി വിടുന്നത്. 2360 ഘന അടി വെള്ളം തമിഴ്നാട് കൊണ്ടു പോകുന്നുണ്ട്. ജലനിരപ്പ് 138.85 അടിയായി കുറഞ്ഞിട്ടുമുണ്ട്. മുല്ലപ്പെരിയാർ ഡാം സന്ദർശിച്ച് സ്ഥിതി നേരിട്ട് കണ്ട് വില്ലയിരുത്തിയ ശേഷം വള്ളക്കടവ് വരെയുള്ള സ്ഥലങ്ങളിലെ ജലവിതാനവും ദിവസങ്ങളായി നിരീക്ഷിക്കുന്നുണ്ട്. വരുന്ന ദിവസങ്ങളിലും പരിശോധന തുടരും. പുഴയിലെ മുന്നറിയിപ്പ് (വാണിങ്ങ് ലെവൽ ) നിരപ്പിലേക്ക് ഒരു മീറ്ററും അപായ (ഡേഞ്ചർ) നിരപ്പിലേക്കെത്താൻ രണ്ട് മീറ്ററും ജലനിരപ്പുയരണം. റൂൾ കർവ് 138 അടിയിലേക്കെത്തിക്കാൻ കഴിഞ്ഞിട്ടില്ല. ഇക്കാര്യം ഉന്നാതിധികാര സമിതിയേയും സുപ്രീം കോടതിയേയും അറിയിക്കും. മുഖ്യമന്ത്രി പിണറായി വിജയനും റവന്യു മന്ത്രി കെ.രാജനും കൃത്യമായ ഇടവേളകളിൽ ഫോണിൽ വിളിച്ച് സ്ഥിതിഗതി അന്വേഷിക്കുന്നുണ്ട്. ജില്ലയുടെ ചുമതലയുള്ള മന്ത്രി എന്ന നിലയിൽ സംസ്ഥാന സർക്കാർ വിഷയത്തിന് നൽകുന്ന പ്രാധാന്യവും ഗൗരവവും പിന്തുണയും സന്തോഷകരമാണ്. തമിഴ്നാട് പൊതുമരാമത്ത് ചീഫ് എൻജിനീയർ കൃഷ്ണൻ ഇന്ന് തേക്കടിയിലെത്തി തുടർ നടപടി ചർച്ച നടത്തും. മുല്ലപ്പെരിയാർ നിരീക്ഷണത്തിന് ജലസേചന വകുപ്പ് ബോട്ട് ഉടൻ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാർ പ്രശ്നം സംസ്ഥാന സർക്കാർ ഏറെ ഗൗരവത്തോടെ കാണുന്നതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി എന്ന നിലയിൽ സന്ദർശനത്തിനെത്തിയതെന്ന് കൃഷിമന്ത്രി പി.പ്രസാദ് പറഞ്ഞു. ജലനിരപ്പ് റൂൾ കർവ് ആയ 138 അടിയിലേക്ക് എത്തിക്കേണ്ടതായിരുന്നു. എന്നാൽ എത്തിച്ചിട്ടില്ല. കേരളത്തിൻ്റെ താൽപ്പര്യം സംരക്ഷിച്ച് തമിഴ്നാടിൻ്റെ കാർഷിക ആവശ്യത്തിന് വെളളം നൽകുന്നതിന് കേരളം എതിരല്ലെന്ന് മന്ത്രിമാർ അഭിപ്രായപ്പെട്ടു.

ജലസേചന വകുപ്പ് ചീഫ് എൻജിനീയർ (ഐ എസ് ഡബ്ലുയു) അലക്സ് വർഗീസ് , ഇടുക്കി ചെറുകിട ജലസേചന എക്സിക്യൂട്ടീവ് എൻജിനീയർ എം.പി.ഹരികുമാർ തുടങ്ങിയവർ മന്ത്രിയ്ക്കൊപ്പം ഉണ്ടായിരുന്നു.

 

Eng­lish Sum­ma­ry: Mul­laperi­yar: Min­is­ter Roshi Augus­tine and Tamil Nadu Chief Engi­neer will arrive in Thekkady today.

 

You may like this video also

Exit mobile version