മുല്ലപ്പെരിയാർ ഹർജികളിൽ സുപ്രീം കോടതി ഇന്നു മുതൽ അന്തിമ വാദം കേൾക്കൽ ആരംഭിക്കും. ഇന്നലെ ഹർജികൾ പരിഗണിച്ചെങ്കിലും തമിഴ്നാടിന്റെ ആവശ്യപ്രകാരം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കേരളം സമർപ്പിച്ച സത്യവാങ്മൂലവും രേഖകളും പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്നായിരുന്നു ആവശ്യം. ജസ്റ്റിസ് എ എം ഖാൻവിൽക്കർ ഉൾപ്പെടുന്ന ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.
മുല്ലപ്പെരിയാർ അണക്കെട്ടിൽ അന്താരാഷ്ട്ര വിദഗ്ധരെ ഉൾപ്പെടുത്തി സുരക്ഷാ പരിശോധന നടത്തണമെന്ന് കേരളം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. മേൽനോട്ട സമിതിയുടെ അനുമതിയോ അറിവോ ഇല്ലാതെയാണ് കേന്ദ്ര ജല കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചതെന്നും കേരളം സമർപ്പിച്ച സത്യവാങ് മൂലത്തിൽ കുറ്റപ്പെടുത്തി.
2010 ‑11 കാലത്ത് നടന്ന സുരക്ഷ പരിശോധനക്ക് ശേഷം കാലാവസ്ഥയിൽ കാര്യമായ മാറ്റം സംഭവിച്ചു. അണക്കെട്ട് ഉൾപ്പെടുന്ന മേഖലയിൽ പ്രളയും ഭൂചലനവും ഉണ്ടായത് സുരക്ഷയെ ബാധിച്ചിട്ടുണ്ട്. 2018 ലെ സുരക്ഷ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി പരിശോധന നടത്തണമെന്ന് കേരളം ആവശ്യപ്പെട്ടു.
അണക്കെട്ടിന്റെ റൂൾ കെർവ്, ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂൾ, ചോർച്ച അടക്കമുള്ള വിഷയങ്ങളിൽ നൽകിയിരിക്കുന്ന ഹർജികളാണ് കോടതി പരിഗണിക്കാനിരിക്കുന്നത്. കേസിൽ കക്ഷിചേരാൻ ഇടുക്കി എംപി ഡീൻ കുര്യാക്കോസ് നൽകിയ അപേക്ഷയും സുപ്രീം കോടതിക്ക് മുൻപിൽ ഉണ്ട്.
english summary;Mullaperiyar petitions in the Supreme Court today
you may also like this video;