Site iconSite icon Janayugom Online

മുല്ലപ്പെരിയാര്‍ സുരക്ഷാ ചുമതല ദേശീയ ഡാം സേഫ്റ്റി അതോറിട്ടിക്ക് ;പുതിയ മേല്‍നോട്ട സമിതി രൂപീകരിച്ചു

മുല്ലപ്പെരിയാര്‍അണക്കെട്ടിന്റെ സുരക്ഷാ കാര്യങ്ങള്‍ ദേശീയ ഡാം സുരക്ഷാ അതോറിട്ടിക്ക് കൈമാറി. ഉത്തരവ് കേന്ദ്ര ജലശക്തി മന്ത്രാലയം പുറത്തിറക്കി.ഇതുവരെ തമിഴ്‌നാടിനായിരുന്നു സുരക്ഷാ കാര്യങ്ങളില്‍ മേല്‍ക്കൈ ഉണ്ടായിരുന്നത്.അണക്കെട്ടിന്റെ സുരക്ഷ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറുമെന്ന് നേരത്തെ കേന്ദ്ര ജല കമ്മിഷന്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

അണക്കെട്ട് വിഷയങ്ങള്‍ പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ മേല്‍നോട്ട സമിതിയും രൂപീകരിച്ചിട്ടുണ്ട്. നിലവിലെ സമിതി പിരിച്ചു വിട്ടാണ് പുതിയ സമിതി രൂപീകരിച്ചിട്ടുള്ളത്. ദേശീയ ഡാം സുരക്ഷ അതോറിട്ടി ചെയര്‍മാനാണ് മേല്‍നോട്ട സമിതിയുടെ പുതിയ അധ്യക്ഷന്‍.നേരത്തെ ജല കമ്മിഷന്‍ ചെയര്‍മാനായിരുന്നു മേല്‍നോട്ട സമിതി അധ്യക്ഷനായിരുന്നത്.

മേല്‍നോട്ട സമിതിയില്‍ ഏഴ് അംഗങ്ങളാണ് ഉണ്ടാകുക. കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍നിന്നുമുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, തമിഴ്നാട്ടിലെ കാവേരി സെല്ലിന്റെ ചെയര്‍മാന്‍, കേരളത്തിന്റെ ഇറിഗേഷന്‍ വകുപ്പു ചെയര്‍മാന്‍ എന്നിവര്‍ അംഗങ്ങളാകും. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ സെന്റര്‍ ഫോര്‍ എക്സലന്‍സിലെ ഒരു അംഗത്തിനെയും മേല്‍നോട്ടസമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Exit mobile version