Site iconSite icon Janayugom Online

കേരളത്തിൽ നേരിട്ട ദുരനുഭവം പങ്കുവെച്ച് മുംബൈ സ്വദേശിനി; സ്വമേധയാ കേസെടുത്ത് മൂന്നാർ പോലീസ്

കേരള സന്ദർശനത്തിനിടെയുണ്ടായ ദുരനുഭവം പങ്കുവെച്ച മുംബൈ സ്വദേശിനിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. മുംബൈയിൽ അസിസ്റ്റന്റ് പ്രൊഫസറായ ജാൻവി എന്ന യുവതിയാണ് മൂന്നാർ സന്ദർശന വേളയിൽ ഓൺലൈൻ ടാക്സിയിൽ യാത്രചെയ്തപ്പോൾ പ്രദേശവാസികളായ ടാക്സി ഡ്രൈവർമാരിൽനിന്നും പൊലീസിൽനിന്നും നേരിട്ട ദുരനുഭവം പങ്കുവച്ചത്. സംഭവത്തിൽ മൂന്നാർ പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. 

തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലാണ് ജാൻവി തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ചത്. ഓൺലൈനായി ബുക്ക് ചെയ്ത ടാക്സിയിൽ കൊച്ചിയും ആലപ്പുഴയും സന്ദർശിച്ച ശേഷമാണ് ജാൻവിയും സുഹൃത്തുക്കളും മൂന്നാറിലെത്തിയത്. കൊച്ചിയിലേക്കും ആലപ്പുഴയിലേക്കുമുള്ള യാത്ര സുഗമമായിരുന്നുവെന്ന് ജാൻവി വീഡിയോയിൽ പറഞ്ഞു. എന്നാൽ മൂന്നാറിൽ ഓൺലൈൻ ടാക്സികൾക്ക് നിരോധനമാണെന്ന് പറഞ്ഞ് പ്രാദേശിക യൂണിയൻ സംഘം ഇവരെ അപ്രതീക്ഷിതമായി ത‍ടയുകയായിരുന്നു. സ്ഥലത്തെ ടാക്സി വാഹനത്തിൽ മാത്രമേ പോകാൻ അനുവദിക്കുകയുള്ളൂവെന്ന് ഇവർ ഭീഷണിപ്പെടുത്തിയതോടെ യുവതി പൊലീസിന്റെ സഹായം തേടി. എന്നാൽ, സ്ഥലത്തെത്തിയ പൊലീസും ഇതേ നിലപാട് സ്വീകരിച്ചു. ഇതോടെ മറ്റൊരു ടാക്സി വാഹനത്തിൽ യാത്രചെയ്യേണ്ടിവന്നെന്നും സുരക്ഷിതമല്ലെന്നു കണ്ട് ട്രിപ്പ് അവസാനിപ്പിച്ചു മടങ്ങിയെന്നും ജാൻവി പറയുന്നു.

Exit mobile version