Site iconSite icon Janayugom Online

മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസം; ആദ്യ ഘട്ട പട്ടിക ജനുവരി 15ന് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി കെ രാജൻ

മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസത്തിനുള്ള ആദ്യ ഘട്ട പട്ടിക ജനുവരി 15ന് പ്രസിദ്ധീകരിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. ഫെബ്രുവരി 10ന് രണ്ടാം ഘട്ട ലിസ്റ്റും പുറത്തിറക്കും. അഞ്ചു സെന്റ്, 10 സെന്റ് വിവേചനം എന്ന പരാതിയില്‍ ദുരന്തബാധിതരുടെ നിലപാട് കൂടി പരിഗണിക്കുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. ഇതുവരെ കണ്ടെത്താനാകാത്തവരുടെ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാനും നടപടി ഉണ്ടാകും. ഇന്നലെ പാക്കേജ് പ്രഖ്യാപിച്ചതിനുശേഷം ഇന്ന് റവന്യു മന്ത്രി കെ രാജന്‍ കല്‍പ്പറ്റയില്‍ എത്തി ഉദ്യോഗസ്ഥതല യോഗം ചേര്‍ന്നു.

കിഫ്‌കോണ്‍, ഊരാളുങ്കല്‍ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. 10 സെന്റ്, 5 സെന്റ് വിവേചനം സംബന്ധിച്ച് പരാതിയില്‍ ദുരന്തബാധിതരുടെ ആശങ്ക മാറ്റും. ഇതുവരെയുള്ള മരണസംഖ്യ 263 ആണ്. ഇതില്‍ 96 പേരെ തിരിച്ചറിഞ്ഞത് ഡിഎന്‍എ പരിശോധനയിലൂടെയാണ് . കാണാതായവരുടെ മരണ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. പുനരധിവാസത്തിന് ഐഎഎസ് റാങ്കിലുള്ള സ്‌പെഷ്യല്‍ ഓഫീസറെ നാളെത്തന്നെ നിയമിക്കും. എല്‍സ്റ്റണ്‍ , നെടുമ്പാല എസ്റ്റേറ്റുകളില്‍ വിവിധതരത്തിലുള്ള സര്‍വ്വേകളുടെ പൂര്‍ത്തീകരണം 20 ദിവസത്തിനകം സാധ്യമാക്കും. ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതിത്താള്ളാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 

Exit mobile version