Site iconSite icon Janayugom Online

മുണ്ടക്കയം സദാശിവൻ അന്തരിച്ചു

സിപിഐ എറണാകുളം ജില്ലാ മുന്‍ സെക്രട്ടറി മുണ്ടക്കയം സദാശിവൻ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
മുണ്ടക്കയം എസ്റ്റേറ്റ് തൊഴിലാളിയായിരുന്നു. എഐവൈഎഫിലൂടെ പൊതു പ്രവർത്തനം ആരംഭിച്ച മുണ്ടക്കയം സദാശിവൻ മൂവാറ്റുപുഴ, കോതമംഗലം, കൂത്താട്ടുകുളം, തൊടുപുഴ പ്രദേശങ്ങൾ അടങ്ങുന്ന സിപിഐ മൂവാറ്റുപുഴ ഡിവിഷൻ കമ്മിറ്റി അംഗമായിരുന്നു. ഇടുക്കി ജില്ല രൂപീകരിച്ചപ്പോൾ എഐവൈഎഫ് ജില്ലാ സെക്രട്ടറിയും സിപിഐ ജില്ലാ കൗണ്‍സില്‍ അംഗവുമായി. പിന്നീട് കൂത്താട്ടുകുളത്തേക്ക് പ്രവര്‍ത്തന മണ്ഡലം മാറിയ അദ്ദേഹം മണ്ഡലം കമ്മിറ്റി സെക്രട്ടറി, വിവിധ യൂണിയനുകളുടെ ഭാരവാഹിയും ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായി. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായിരിക്കെയാണ് 2002 ൽ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയാകുന്നത്. 10 വർഷക്കാലം സ്ഥാനത്ത് തുടര്‍ന്നു.

കാക്കൂർ സർവീസ് സഹകരണ ബാങ്കിന്റെ ഡയറക്ടർ ബോർഡ് അംഗമായി ഒരു വട്ടം പ്രവർത്തിച്ചതൊഴിച്ചാൽ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ അദ്ദേഹം വിമുഖനായിരുന്നു. കേരളമാകെ ശ്രദ്ധിക്കപ്പെടുന്ന കഥാപ്രാസംഗികനായി തിളങ്ങി നിൽക്കുമ്പോഴും കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പ്രവർത്തനങ്ങളിൽ അദ്ദേഹം വ്യാപൃതനായി. ജനയുഗം പുനഃപ്രസിദ്ധീകരണത്തിനായി മുന്‍നിരയില്‍ പ്രവർത്തിച്ചു. ഭൗതികദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഇന്ന് വൈകിട്ട് നാലിന് കളമശേരി മെഡിക്കൽ കോളജിന് കൈമാറും. ഭാര്യ: കെ കെ അമ്മിണിക്കുട്ടി (ചെത്തുതൊഴിലാളി ക്ഷേമനിധി ബോർഡ് മുൻ ഉദ്യോഗസ്ഥ). മക്കൾ: എസ് ഉല്ലാസ് (എസ്ബിഐ കൂത്താട്ടുകുളം), ഉൻമേഷ് (കേരള വിഷൻ ടെക്നിക്കൽ ഹെഡ്). മരുമക്കൾ: അനു എബ്രഹാം (ഫാർമസിസ്റ്റ് തിരുമാറാടി പിഎച്ച്സി), ഡോ. ധന്യ എ പി (ആർഎക്സ്എൽ കലൂർ). 

Exit mobile version