Site iconSite icon Janayugom Online

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ : ക്യാമ്പുകളില്‍ നിന്ന് വാടക വീടുകളിലേക്ക് മാറുന്ന കുടുംബങ്ങള്‍ക്ക് മാസം 6000 രൂപ

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരിതബാധിത ക്യാമ്പുകളില്‍ നിന്ന് വാടക വീടുകളിലേക്ക് മാറുന്ന കുടുംബത്തിന് മാസം 6000 രൂപവരെ സംസ്ഥാന സര്‍ക്കാര്‍ വാടക അനുവദിക്കും. ബന്ധുവീടുകളിലേക്ക് മാറുന്ന കുടുംബങ്ങള്‍ക്ക് ഇതേ തുക നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക ലഭ്യമാക്കുക.

സർക്കാർ ഉടമസ്ഥതയിലോ പൊതു ഉടമസ്ഥതയിലോ സ്വകാര്യ വ്യക്തികൾ സൗജന്യമായോ വിട്ടുനൽകുന്ന ഇടങ്ങളിലേക്ക്‌ മാറുന്നവർക്കും മുഴുവനായി സ്‌പോൺസർഷിപ്പ്‌ വഴി താമസസൗകര്യം ഒരുക്കുന്ന കെട്ടിടങ്ങളിലേക്ക്‌ മാറുന്നവർക്കും ഈ സഹായം ഉണ്ടാകില്ല. ഭാഗികമായി സ്‌പോൺസർഷിപ്പ്‌ നൽകുന്ന സംഭവങ്ങളിൽ ശേഷിക്കുന്ന തുക (പരമാവധി 6000 വരെ) മാസവാടകയായി നൽകും.ദുരിത ബാധിതരായ എല്ലാ കുടുംബങ്ങൾക്കും അടിയന്തര ധനസഹായമായി 10000 രൂപ അനുവദിക്കാൻ നേരത്തെ ഉത്തരവായിരുന്നു. ജീവനോപാധി നഷ്ടപ്പെട്ട കുടുംബത്തിലെ പ്രായപൂർത്തിയായ രണ്ടു പേർക്ക്‌ ദിവസം 300 രൂപ വീതവും കിടപ്പുരോഗികളോ ആശുപത്രിയിൽ ദീർഘനാൾ ചികിത്സയിൽ കഴിയുന്ന രോഗികളോ ഉള്ള കുടുംബങ്ങളിൽ മൂന്നു പേർക്കും ദിവസം 300 രൂപ വീതം 30 ദിവസത്തേക്ക് നൽകാനും തീരുമാനിച്ചിരുന്നു.

ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള സർക്കാർ ധനസഹായത്തിന്റെ വിതരണം തുടങ്ങിയതായി മന്ത്രിസഭാ ഉപസമിതി. ദുരന്തം നേരിട്ട്‌ ബാധിച്ച കുടുംബങ്ങൾക്കുള്ള 10,000 രൂപയുടെ സഹായമാണ്‌ ചൊവ്വാഴ്‌ച നൽകിത്തുടങ്ങിയത്‌. ബാങ്ക്‌ അക്കൗണ്ട്‌ വഴിയാണ്‌ പണം നൽകുന്നതെന്ന്‌ മന്ത്രി കെ രാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക്‌ അടിയന്തര സഹായമായി പ്രഖ്യാപിച്ച 10,000 രൂപ നേരത്തെമുതൽ നൽകുന്നുണ്ട്‌. ഇപ്പോൾ വിതരണം ആരംഭിച്ച സഹായമാണ്‌ അക്കൗണ്ടിൽ നൽകുക. പാസ്‌ ബുക്ക്‌ നഷ്ടപ്പെടുകയും അക്കൗണ്ട്‌ നമ്പർ ഓർമയില്ലാതിരിക്കുകയും ചെയ്യുന്നവർ ഏത്‌ ബാങ്കിലാണ്‌ അക്കൗണ്ടെന്നറിയിച്ചാൽ അത്‌ കണ്ടെത്തി പണം നിക്ഷേപിക്കും.

ഏത്‌ ബാങ്കിലാണ്‌ അക്കൗണ്ടെന്നും ഓർമയില്ലെങ്കിൽ വിലാസത്തിന്റെ അടിസ്ഥാനത്തിൽ ബാങ്കുകളിൽ പരിശോധന നടത്തി അക്കൗണ്ട്‌ കണ്ടെത്തും. സീറോ ബാലൻസിൽ പുതിയ അക്കൗണ്ട്‌ എടുക്കാനും സൗകര്യമൊരുക്കും.കുടുംബത്തിലെ രണ്ടുപേർക്ക്‌ 30 ദിവസം 300 രൂപ വീതം നൽകാനുള്ള തീരുമാനം താൽക്കാലിക പുനരധിവാസത്തിനുശേഷമാകും നടപ്പാക്കുക. ക്യാമ്പുകളിൽനിന്ന്‌ മടങ്ങിയവർ ജോലി ഇല്ലാതിരിക്കുമ്പോൾ ജീവിതച്ചെലവിനായാണ്‌ ഈ തുക. കുടുംബത്തിൽ ദീർഘകാലമായി ചികിത്സയിലുള്ളവരോ, കിടപ്പുരോഗികളോ ഉണ്ടെങ്കിൽ അവർക്കും ഈ സഹായം ലഭിക്കും. 

എസ്‌ടിആർഎഫ്‌(സ്‌റ്റേറ്റ്‌ ഡിസാസ്‌റ്റർ റെസ്‌പോൺസ്‌ ഫണ്ട്‌) മാനദണ്ഡപ്രകാരം സ്‌റ്റേറ്റ്‌ ഡിസാസ്‌റ്റർ മാനേജ്‌മെന്റ്‌ അതോറിറ്റിക്ക്‌ 30 ദിവസം സഹായം നൽകാനേ അനുമതിയുള്ളൂ. ഇത്‌ 90 ദിവസം നൽകാൻ അനുവാദം നൽകണമെന്ന്‌ പ്രധാനമന്ത്രിയോടും കേന്ദ്രസംഘത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്‌. അനുമതി ലഭിച്ചാൽ 90 ദിവസം നൽകാനാകുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാരായ എ കെ ശശീന്ദ്രൻ, ഒ ആർ കേളു, കലക്ടർ ഡി ആർ മേഘശ്രീ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Eng­lish Summary:
Mundakkai Land­slide : Rs 6000 per month for fam­i­lies mov­ing from camps to rent­ed houses

you may also like this video:

Exit mobile version